കോടികളുടെ സര്‍ക്കാര്‍ ഭൂമി ചുളുവിന്‌ പിൻ വാതിലിലൂടെ സ്വകാര്യ കമ്പനിയ്ക്ക് നൽകാൻ പോകുന്നു

തിരുവനന്തപുരം. വഴിയോരവിശ്രമകേന്ദ്രങ്ങൾ എന്ന പേരിൽ സർക്കാർ ഭൂമിയുടെ ഉടമസ്ഥാവകാശം സ്വകാര്യവ്യക്തികൾക്ക് നൽകാനുള്ള തീരുമാനം വഴി വൻ അഴിമതിക്ക് പിണറായി സർക്കാർ കോപ്പ് കൂട്ടുന്നു. സര്‍ക്കാര്‍ ഭൂമി ചുളുവിന്‌ പിൻ വാതിലിലൂടെ സ്വകാര്യ കമ്പനിയ്ക്ക് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ‘വഴിയോര വിശ്രമകേന്ദ്രങ്ങൾ’ എന്നാണു ആരോപണം ഉയരുന്നത്. അത് കൊണ്ട് തന്നെ കോടികളുടെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്പനിയ്ക്ക് എന്ന ആരോപണമാണ് പദ്ധതിയെ വിവാദത്തിലാക്കുന്നത്. നോര്‍ക്കയുടെ കീഴിലുള്ള ഓവർസീസ് കേരള ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് (ഓകില്‍) എന്ന കമ്പനിയ്ക്കാണ് സര്‍ക്കാര്‍ ഭൂമി പദ്ധതിയുടെ പേരിൽ കമ്പോളവിലയ്ക്ക് ലഭിക്കുക. ഈ കമ്പനിയില്‍ തന്നെ സര്‍ക്കാരിനു ഉള്ളത് 51 ശതമാനം ഓഹരിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്..

കേരളത്തില്‍ 30 ഇടങ്ങളിലായി 150 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി ഇത്തരത്തിൽ ലഭിക്കുക. കിഫ്ബിയുമായി ഓകിലിന്റെ കരാർ പ്രകാരം 30 കേന്ദ്രങ്ങളിൽ വഴിയോര വിശ്രമകേന്ദ്രങ്ങൾ തുടങ്ങാൻ 1000 കോടിയുടെ പദ്ധതിയാണിത്. യാത്രക്കാർക്ക് വിശ്രമ കേന്ദ്രം, ശുചിമുറി, ഫുഡ്കോർട്ട്, വർക് ഷോപ്, ഷോപ്പിങ് സൗകര്യം എന്നിവയുൾപ്പെടുന്നതാണ് ഈ പദ്ധതി എന്നാണു അവകാശപ്പെടുന്നത്.

‘ഓകില്‍’ന്റെ കീഴിലുള്ള സ്വകാര്യ കമ്പനിയായ റസ്റ്റ് സ്റ്റോപ്പ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഭൂമി കൈമാറുക. ഇതോടെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ സ്ഥാപനത്തിന്റെ കൈകളിൽ എത്തും. ഈ കമ്പനിയില്‍ സര്‍ക്കാരിനു 26 ശതമാനം ഓഹരികള്‍ എന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. ഈ സ്വകാര്യ കമ്പനിയാണ് ഭൂമി കൈവശം വയ്ക്കുക. ഇവര്‍ക്ക് മറ്റൊരു കമ്പനി കൂടിയുണ്ട്. റിയല്‍ എസ്റ്റേറ്റ് ട്രസ്റ്റ് എന്ന കമ്പനിയാണിത്. ഓകിലും ഈ രണ്ടു കമ്പനികളും തമ്മിലുള്ള ബന്ധം പുറത്ത് വിട്ടിട്ടില്ല എന്നതാണ് എടുത്ത് പറയേണ്ടത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പാട്ട അവകാശത്തോടെ മാത്രം കമ്പനിക്കു ഭൂമി നൽകിയ ഉത്തരവു റദ്ദാക്കിയാണ് കമ്പോളവിലക്ക് ഭൂമി നൽകാൻ കഴിഞ്ഞ മേയിൽ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഇതാണ് ഇപ്പോൾ വിവാദം ക്ഷണിച്ചു വരുത്തിയിട്ടുള്ളത്.

ഓകില്‍ അവരുടെ കീഴിലുള്ള സ്വകാര്യ കമ്പനിയായ റെസ്റ്റ് സ്റ്റോപ്പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്ക് സർക്കാർ നൽകുന്ന ഭൂമി കൈമാറും. സ്വകാര്യ കമ്പനിയുടെ കയ്യിലുള്ള ഭൂമിയ്ക്ക് പിന്നെ എങ്ങനെ സര്‍ക്കാറിന് അവകാശവാദം ഉന്നയിക്കാനാവും എന്നതാണ് ഇവിടെ ഉയരുന്ന മുഖ്യ വിഷയം. ഈ ചോദ്യമാണ് വിവാദ പദ്ധതിയായി ഓകിലിനെ മാറ്റിയിരിക്കുന്നത്.ഓകില്‍ കമ്പനിയും അവരുടെ കീഴിലുള്ള കമ്പനികളും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം പുറത്ത് വിടാത്തതും കൂടുതൽ ദുരൂഹതക്ക് ഇടയാക്കിയിട്ടുണ്ട്.

ഓകിലിന് ഭൂമി കൈമാറുന്നത് നേരത്തെ ധനവകുപ്പും റവന്യൂവകുപ്പും എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പ് കണക്കിലെടുക്കാതെയാണ് ഭൂമി കൈമാറ്റം എന്നതാണ് എടുത്ത് പറയേണ്ടത്. വിദേശ മലയാളികള്‍ക്കാണ് കമ്പനിയുടെ ഷെയറുകള്‍ ഉള്ളത്. ദേശീയ പാതയോരത്തുള്ള കണ്ണായ സ്ഥലമാണ് സ്വകാര്യ കമ്പനിയുടെ കൈകളില്‍ സർക്കാർ കൊടുക്കാൻ പോകുന്നത്. വസ്തു പണയപ്പെടുത്തിയാല്‍ കോടികള്‍ തന്നെ കമ്പനിയ്ക്ക് ലഭിക്കും എന്നതും ഇക്കാര്യത്തിൽ ശ്രദ്ധേയമാണ്. പച്ച മലയാളത്തിൽ പറഞ്ഞാൽ ഒരു റിയല്‍ എസ്റ്റേറ്റ് കച്ചവടം തന്നെയാണ് ഓകില്‍ നടത്താന്‍ പോകുന്നത് എന്ന ആരോപണമാണ് ശക്തിയായി ഉയർന്നിട്ടുള്ളത്. കാസർകോട് തലപ്പാടിയിൽ ജിഎസ്ടി വകുപ്പിന്റെ 7.5 കോടി ന്യായവില കണക്കാക്കിയ 5 ഏക്കറും ആലപ്പുഴ ചേർത്തലയിൽ സിൽക്ക്, ഓട്ടോകാസ്റ്റ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ 45 കോടിയുടെ 5 ഏക്കറുമാണ് ഓകിലിന് പതിച്ചുനൽകാൻ നടപടി തുടങ്ങിയിരിക്കുകയാണ്.

പാട്ടത്തിനു പോലുമല്ലാതെ ഭൂമി സ്വകാര്യ ഉടമസ്ഥാവകാശത്തിലേക്ക് നൽകുകയാണ് ഇവിടെ. സര്‍ക്കാര്‍ ഭൂമി അനായാസം സ്വകാര്യ കമ്പനിയ്ക്ക് പതിച്ച് നല്‍കുന്ന പദ്ധതിയായതിനാലാണ് ഓകില്‍ ഭൂമി ഇടപാട് വിവാദത്തിലാവുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്ന വിവാദമായ ഈ പദ്ധതി,അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ്‌ ചെന്നിത്തലയുടെ എതിര്‍പ്പ് മൂലം പദ്ധതി സര്‍ക്കാര്‍ തൽക്കാലം ഫ്രിഡ്ജിൽ വെക്കുകയായിരുന്നു. മാറിയ സാഹചര്യത്തില്‍ അതിവ രഹസ്യമായി പദ്ധതി നടപ്പിലാക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. ഇതിനിടയിലാണ് പെട്ടെന്ന് പദ്ധതിയെ പറ്റിയുള്ള വിശദാംശങ്ങള്‍ പുറത്ത് വരുന്നത്.

ലൈഫ് മിഷന്‍ അഴിമതി കേസിൽ ജയിലില്‍ കഴിയുന്ന വിവാദ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ബുദ്ധിയില്‍ വിരിഞ്ഞ പദ്ധതി എന്നതുകൊണ്ട് തന്നെ വിവാദരഹിതമായി ഈ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിനു കഴിയുമെന്ന് തോന്നുന്നില്ല. സ്വപ്ന സുരേഷിനെ ശിവശങ്കര്‍ നിയമിക്കാൻ ആലോചിച്ചതും ഇതേ സംരംഭത്തിലാണ് എന്ന വിവരവും ഇതിനകം പുറത്ത് വന്നിരിക്കുകയാണ്.

ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലം നോർക്കയ്ക്ക് കീഴിൽ ഓകിൽ എന്ന കമ്പനി രൂപീകരിച്ച് വഴിയോര വിശ്രമകേന്ദ്രങ്ങൾക്കുള്ള പദ്ധതി ആരംഭിക്കുകയായിരുന്നു. ആദ്യ കേന്ദ്രം തുടങ്ങാൻ ആലപ്പുഴ ചേർത്തലയിൽ ഒരേക്കർ ഭൂമി പാട്ടത്തിന് അനുവദിച്ച് 2021 ഫെബ്രുവരി 4ന് ഉത്തരവും പുറത്തിറക്കുകയുണ്ടായി. കമ്പോളവിലയുടെ 5% പാട്ടനിരക്കും പാട്ടവ്യവസ്ഥകളും ബാധകമാക്കി ആയിരുന്നു ഇത്.

അന്ന് രമേശ് ചെന്നിത്തല ഈ നീക്കം ചർച്ചയാക്കിയപ്പോൾ കൂടുതൽ നടപടികൾ പിന്നീട് ഉണ്ടായില്ല. ഈ പദ്ധതിയാണ് എല്ലാ വ്യവസ്ഥകളും ഒഴിവാക്കി ഇപ്പോള്‍ നടപ്പിലാക്കാന്‍ പിണറായി സർക്കാർ ഇറങ്ങി തിരിച്ചിരിക്കുന്നത്. വഴിയോരവിശ്രമകേന്ദ്രങ്ങൾ എന്ന പേരിൽ സർക്കാർ ഭൂമിയുടെ ഉടമസ്ഥാവകാശം സ്വകാര്യവ്യക്തികൾക്ക് നൽകാനുള്ള തീരുമാനത്തിന് പിന്നിൽ വൻ അഴിമതിക്കാണ് കോപ്പ് കൂട്ടുന്നതെന്നാണ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നത്. ഇതിനു പിന്നില്‍ വൻ അഴിമതിയുണ്ടെന്നാണ് രേഖകള്‍ പുറത്ത് വിട്ടു ചെന്നിത്തല ചൂണ്ടികാട്ടിയിരുന്നത്.