തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്ന പരസ്യങ്ങൾ: സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ഇൻഫ്ലൂവൻസർമാർക്കും കേന്ദ്ര നിർദ്ദേശം പുറത്ത്

ന്യൂഡൽഹി . തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്ന പരസ്യങ്ങൾ അവതരിപ്പിക്കുന്നതിനെ തിരെ സെലിബ്രിറ്റികൾക്കും സോഷ്യൽ മീഡിയ ഇൻഫ്‌ലൂവൻസർമാർക്കും കേന്ദ്ര സർക്കാരിന്റെ മാർഗ്ഗ നിർദേശം. സോഷ്യൽ മീഡിയയിൽ ഉൽപ്പന്നങ്ങളോ സേവനങ്ങളോ അവതരിപ്പിക്കുമ്പോൾ ജനങ്ങളെ തെറ്റിദ്ധരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് സർക്കാർ നടപടി. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയമാണ് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്.

പരസ്യങ്ങൾ, സ്‌പോൺസേർഡ് ഇവൻറ്‌സ്, പെയ്ഡ് പ്രമോഷനുകൾ തുടങ്ങിയവ ഇനി മുതൽ ലളിതവും വ്യക്തവുമായ ഭാഷയിൽ അവതരിപ്പിക്കണം. പരസ്യമാണോ സ്‌പോൺസേർഡ് പരിപാടിയാണോ പാർട്‌നർഷിപ് പരിപാടിയാണോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടാവണം. ഉത്പന്നങ്ങൾ പരിചയപ്പെടുത്തും മുൻപ്, അവ സ്വയം ഉപയോഗിച്ച് ഉത്പന്നത്തിന്റെ ഗുണനിലവാരം മനസിലാക്കിയിരി ക്കണം. തുടങ്ങിയ നിർദ്ദേശങ്ങളാണ് കേന്ദ്രസർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്.

പെയ്ഡ് പ്രമോഷൻസ് തുടങ്ങിയവയെല്ലാം ലളിതവും വ്യക്തവുമായ ഭാഷയിൽ അവതരിപ്പിക്കണം, അനാവശ്യമായി ഹാഷ് ടാഗുകൾ ഉപയോഗിക്കേണ്ടതില്ല, പരസ്യദാതാവിന്റെ നിലവാരത്തെ കുറിച്ചും പരസ്യങ്ങളിൽ പറയുന്ന അവകാശവാദങ്ങളെ കുറിച്ചും അവതരിപ്പിക്കുന്ന ആൾക്ക് വ്യക്തമായ അവബോധം ഉണ്ടായിരിക്കേണ്ടതാണെന്നും കേന്ദ്ര നിർദ്ദേശത്തിൽ പറഞ്ഞിട്ടുണ്ട്.