യൂട്യൂബില്‍ നിന്ന് ലഭിച്ച ഒരു ലക്ഷം രൂപ ഗോവിന്ദ് പത്മസൂര്യ ചെലവിട്ടത് ഇങ്ങനെ

മലാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനുമാണ് ഗോവിന്ദ് പത്മസൂര്യ. അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു ഇന്നലെ. ആശംസകള്‍ അറിയിച്ച് നിരവധി സുഹൃത്തുക്കളും ആരാധകരും രംഗത്തെത്തി. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് അദ്ദേഹം. ലോക്ക്ഡൗണ്‍ സമയം യൂട്യൂബ് വീഡിയോകളുമായി നിറഞ്ഞ് നില്‍ക്കുകയായിരുന്നു ജിപി. അഞ്ച് ലക്ഷത്തിലേറെ വരുമാനം ഒരു വര്‍ഷം കൊണ്ട് ഗോവിന്ദ് പത്മസൂര്യ യൂട്യൂബില്‍ നിന്നും നേടിയിട്ടുണ്ട്. അടുത്തകാലത്ത് യൂട്യൂബില്‍ ജിപിയുടെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

ഇതിനിടെ, യൂട്യൂബ് വരുമാനത്തില്‍ നിന്ന് ഒരു ലക്ഷം രൂപ ചെലവിട്ടത് എങ്ങനെയെന്ന് കാട്ടി ജന്മദിനത്തില്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ജിപി. രണ്ട് ക്രെഡിറ്റ് കാര്‍ഡുമായി കൈയില്‍ റൂബിള്‍ ഒന്നുമില്ലാതെ റഷ്യയിലെത്തിയ സംഭവം വിവരിച്ചുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ആരംഭിക്കുന്നത്. ഇതിനിടയിലാണ് എങ്ങനെയാണ് പണം വിനിയോഗിച്ചതെന്ന് ജിപി വിവരിക്കുന്നത്.

”യൂട്യൂബ് ഇഷ്ടമാണ്. കഥ പറയാന്‍ ഇഷ്ടമാണ്. ഇതില്‍ നിന്നുള്ള വരുമാനം കാര്യമാക്കിയിരുന്നില്ല. അഞ്ചോ ആറോ സ്റ്റാഫിനായി ശമ്ബളം കൊടുക്കുന്നുണ്ട്. എന്നാലും യൂട്യൂബില്‍ വീഡിയോ ചെയ്യുന്നത് സന്തോഷകരമാണ്. മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ ദുരിതാശ്വാസ ഫണ്ടിലേക്ക് കുറച്ച് പണം കൊടുക്കാമെന്നാണ് ആദ്യം ചിന്തിച്ചത്. പിന്നെയാണ് പട്ടാമ്ബിയിലെ കമ്മ്യൂണിറ്റി കിച്ചനെ പറ്റി അറിഞ്ഞത്. വളരെ ആത്മാര്‍ത്ഥതയോടെ കുറച്ചാളുകള്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. അങ്ങനെ അവിടെ ഒരു ദിവസത്തെ (അഞ്ച് നേരത്തെ) ഫുഡ് സ്‌പോണ്‍സര്‍ ചെയ്തുകൊണ്ട് വരുമാനത്തിന്റെ ഒരു ഭാഗം ചെലവിട്ടു.” ജിപി വീഡിയോയില്‍ വിവരിക്കുന്നു.

”ഭക്ഷ്യ കിറ്റ് കിട്ടുന്നുണ്ടെങ്കിലും പലര്‍ക്കും പച്ചക്കറി കിട്ടുന്നില്ലെന്ന് മനസ്സിലായി. അഭിമാന പ്രശ്‌നമായി കാണുന്നതിനാല്‍ പലരും ഇതു പുറത്തുപറയാന്‍ മടിക്കുന്നു. അങ്ങനെ പച്ചക്കറി എത്തിക്കാനുള്ള തീരുമാനത്തിലെത്തി. ചേലക്കര, ഷൊര്‍ണൂര്‍ പ്രദേശങ്ങളിലെ 400 ഓളം കുടുംബത്തിന് പച്ചക്കറി എത്തിച്ചു. ചാലിശ്ശേരി, പെരുണ്ണൂര്‍ പ്രദേശത്തെ 200 ഓളം കുടുംബങ്ങള്‍ക്കും പച്ചക്കറി കിറ്റ് എത്തിച്ചു. ആദ്യത്തേത് പോലെയല്ല, രണ്ടാമത്തെ ലോക്ക്ഡൗണ്‍ ജനങ്ങളെ ഭീകരമായി ബാധിച്ചിട്ടുണ്ട്” ഗോവിന്ദ് പത്മസൂര്യ പറയുന്നു.