വീണ്ടും മലയാളിയെ തുണച്ച് ദുബായ് ഭാഗ്യദേവത, ഡ്യൂട്ടീഫ്രീ നറുക്കെടുപ്പില്‍ മലയാളി വ്യവസായിക്ക് ഏഴ് കോടിയിലേറെ സമ്മാനം

ദുബായ്: മലയാളികളെ പലപ്പോഴും അകമഴിഞ്ഞ് കടാക്ഷിച്ചിട്ടുള്ളതാണ് ദുബായ് ഭാഗ്യ ദേവത. ഇക്കുറിയും അതിന് മാറ്റമൊന്നുമില്ല. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യനെയര്‍ ആന്‍ഡ് ഫൈനസ്റ്റ് സര്‍പ്രൈസ് പ്രമോഷനില്‍ ഏഴു കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം ഇക്കുറി മലയാളിക്കാണ്. മലയാളി വ്യവസായിയായ 60കാരന്‍ ഏബ്രഹാം ജോയിക്കാണ് സമ്മാനം ലഭിച്ചത്.

ഏബ്രഹാം ജോയി മേയ് 27ന് ഓണ്‍ലൈന്‍ വഴിയെടുത്ത 1031 നമ്പര്‍ ടിക്കറ്റിനാണു സമ്മാനം ലഭിച്ചത്. കഴിഞ്ഞ 35 വര്‍ഷമായി ഏബ്രഹാം ജോയി ദുബായില്‍ ബിസിനസ് നടത്തി വരികയാണ്. ദുബായില്‍ രണ്ട് ട്രേഡിംഗ് കമ്പനികളുടെ ഉടമയാണ് അദ്ദേഹം.

15 വര്‍ഷമായി നറുക്കെടുപ്പില്‍ പങ്കെടുത്തിരുന്ന ഒരാളാണെങ്കിലും ഈ വലിയ വിജയത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ബിസിനസ് കൂടുതല്‍ സജീവമാക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സമ്മാനത്തുക ചെലവഴിക്കാനാണു തീരുമാനം. 1999 ല്‍ ആരംഭിച്ചതു മുതല്‍ ഈ നറുക്കെടുപ്പില്‍ സമ്മാനം നേടുന്ന 180-ാമത്തെ ഇന്ത്യക്കാരനാണ് ഏബ്രഹാം ജോയി. ഇതോടൊപ്പം നടന്ന മറ്റു നറുക്കെടുപ്പുകളില്‍ ഇന്ത്യക്കാരനായ സഞ്ജയ് അന്‍സാനിക്ക് ആഡംബര ബൈക്ക് സമ്മാനം ലഭിച്ചു.