വാഗ്ദാനങ്ങളില്‍ വീണു പോകരുത്, നന്നായി ആലോചിച്ച് അന്വേഷിച്ച് മാത്രം അവസരങ്ങള്‍ എടുക്കണം, ഗ്രേസ് ആന്റണി പറയുന്നു

മലയാളികളുടെ പ്രിയ നടിയാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിംഗിലെ ചെറിയ വേഷത്തിലൂടെ എത്തിയ നടി ഇപ്പോള്‍ നായികയായി തിളങ്ങുകയാണ്. നിവിന്‍ പോളിയുടെ നായികയായ കനകം കാമിനി കലഹമാണ് അവസാനമായി പുറത്തെത്തിയ ഗ്രേസിന്റെ ചിത്രം. നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നും എത്തിയ തനിക്ക് ഈ മേഖലയില്‍ നിന്നും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ഗ്രേസ് പറയുന്നത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

പിന്തുണയില്ലാതെ സിനിമയില്‍ വരുന്ന പെണ്‍കുട്ടികള്‍ക്ക് പല ദുരനുഭവങ്ങളും ഉണ്ടാകാറുണ്ടല്ലോ ? എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. ഗ്രേസിന്റെ വാക്കുകള്‍ ഇങ്ങനെ,-”അക്കാര്യത്തില്‍ എനിക്ക് ഭാഗ്യമുണ്ട്. എന്റെ ഫസ്റ്റ് ഒഡിഷനായിരുന്നു ‘ഹാപ്പി വെഡ്ഡിങ്’. നല്ല ടീമായിരുന്നു. ദുരനുഭവങ്ങള്‍ക്ക് സാധ്യത ഏതു മേഖലയിലും ഉണ്ട്. സിനിമ ആഗ്രഹിക്കുന്ന പത്തു പേരില്‍ നാലു പേര്‍ക്കേ അവസരം ലഭിക്കുന്നുണ്ടാകൂ. അതില്‍ രണ്ടു പേര്‍ക്കേ ശരിയായ ടാലന്റ് ഉണ്ടായി എന്നു വരൂ. കഴിവുണ്ടെങ്കിലും ആഗ്രഹം കൊണ്ട് ആലോചന ഇല്ലാതെ പോകരുത്. വാഗ്ദാനങ്ങളില്‍ വീണു പോകരുത്. നന്നായി ആലോചിച്ച് അന്വേഷിച്ച് മാത്രം അവസരങ്ങള്‍ എടുക്കണമെന്നാണ്”.

”സിനിമയാണ് എന്റെ ഇഷ്ടം എന്ന് തുടക്കത്തിലേ തിരിച്ചറിഞ്ഞിരുന്നു. വീട്ടിലോ കുടുംബത്തിലോ അഭിനയിക്കുന്നവര്‍ ഇല്ല. പ പ്പ ആന്റണി ബ്രേക്ക് ഡാന്‍സ് ചെയ്യും. മമ്മി ഷൈനിക്ക് നൃത്തം ചെയ്യാനും പാടാനും അറിയാം. ചേച്ചി സെലീന ഹോം ബേക്കറാണ്. കേക്ക് ആണ് സ്‌പെഷ്യാലിറ്റി. കലാതാത്പര്യമുള്ളതു കൊണ്ട് പപ്പയും മമ്മിയും എന്റെ ഇഷ്ടങ്ങളെ പിന്തുണച്ചു. എന്റെ സ്വപ്നം സ്വയം നേടിയെടുക്കുകയായിരുന്നു ഞാന്‍. ലക്ഷ്യത്തിനു വേണ്ടി ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ വിജയിക്കും. അതാണ് എന്റെ അനുഭവം.

ഷൂട്ട് തുടങ്ങിയാല്‍ പപ്പയും മമ്മിയും വിശേഷങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും. നന്നായി അഭിനയിച്ചോ, റിലീസ് തീയതി എന്നാണ്? ഇതൊക്കെയാണ് അവര്‍ക്ക് അറിയേണ്ടത്. എന്നാല്‍ തിയറ്ററില്‍ ഒന്നിച്ചു പോയി സിനിമ കാണുമ്പാള്‍ ഒരക്ഷരം മിണ്ടുകയുമില്ല. ‘ഇങ്ങനെ മിണ്ടാതിരിക്കാനാണോ നിങ്ങളിത്രയും എക്‌സൈറ്റഡായി വിശേ ഷങ്ങള്‍ തിരക്കിയത് ?’ എന്ന് ഞാന്‍ ചോദിക്കും. എന്നോട് നേരിട്ടൊന്നും പറയില്ലെങ്കിലും പരിചയക്കാരോട് സിനിമ കണ്ടിട്ട് അഭിപ്രായം പറയണേയെന്ന് പപ്പയും മമ്മിയും പറയും. എന്റെ ഇഷ്ടം അവരുടെ സന്തോഷമായി മാറുന്ന സംഗതിയാണ് ഞങ്ങള്‍ക്ക് സിനിമ.

ആഗ്രഹിച്ച പലതും നേടാന്‍ സിനിമകൊണ്ട് സാധിച്ചു. ചെറു പ്രായത്തില്‍ തന്നെ കരിയര്‍ സെറ്റ് ചെയ്ത് വീട്ടുകാരെ സംരക്ഷിക്കാന്‍ കഴിയുന്നു. നടി എന്നതില്‍ ഉപരി നര്‍ത്തകി കൂടിയാണ് താരം. കാലടി ശ്രീശങ്കര സര്‍വകലാശാലയില്‍ നിന്നു ഭരതനാട്യത്തില്‍ ബിരുദമെടുത്തിരുന്നു. ഒരു വര്‍ഷം സ്‌കൂളില്‍ ഭരതനാട്യം ടീച്ചറായി ജോലി ചെയ്തു.