സ്കൂളില്‍ ആര്‍.എസ്.എസ് പരിശീലന പരിപാടി: അന്വേഷിക്കാനെത്തിയ പൊലീസുകാരെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു

കോയമ്പത്തൂര്‍: സ്‌കൂളിലെ ആര്‍.എസ്.എസ് പരിശീലനം അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്ക് മര്‍ദ്ദനം. കോയമ്പത്തൂരിലെ വിലാങ്കുറിച്ചിയിലെ സ്‌കൂളിലാണ് അന്വേഷിക്കാനെത്തിയ പൊലീസുകാരെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ഡിസംബര്‍ 31നായിരുന്നു സംഭവം. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സ്‌കൂളില്‍ പരിശീലനം നടക്കുന്നത് സംബന്ധിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ആര്‍.എസ്.എസിന്റെ പരിശീലന പരിപാടി നടക്കുന്നതറിഞ്ഞ് നാം തമിഴര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ സ്ഥലത്ത് പൊലീസിനെ വിന്യസിക്കുകയായിരുന്നു.

എന്നാല്‍ കോയമ്പത്തൂര്‍ സിറ്റി നോര്‍ത്ത് ഡി.സി.പി. ടി. ജയചന്ദ്രന്‍ ഉള്‍പ്പെടുന്ന പൊലീസ് സംഘത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സ്‌കൂളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയുകയും മര്‍ദ്ദിക്കുകയുമായിരുന്നു.സ്‌കൂള്‍ വളപ്പിലേക്ക് പ്രവേശിക്കാന്‍ പൊലീസിന് ഉദ്ദേശ്യമില്ലായിരുന്നെന്നും ആര്‍.എസ്.എസുകാരോട് സ്‌കൂളിന് പുറത്തിറങ്ങരുതെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും ഡി.സി.പി. ടി. ജയചന്ദ്രന്‍ പ്രതികരിച്ചു. പൊലീസിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ആര്‍.എസ്.എസുകാര്‍ വിസമ്മതിക്കുകയും സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത അഞ്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.എസ്.പി ടി. രാജ്കുമാറിന്റെ പരാതിയിന്മേലാണ് നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും ഹിന്ദു മുന്നണി വടക്കന്‍ ജില്ലാ സെക്രട്ടറിക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് കേസ്. സ്‌കൂളിലെ ആര്‍.എസ്.എസ് പരിപാടിക്കെതിരെ പ്രതിഷേധിച്ച നാം തമിഴര്‍ പാര്‍ട്ടി, തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം എന്നിവയുടെ പ്രവര്‍ത്തകരെയും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സ്ത്രീകളുള്‍പ്പെടെ 18 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിശീലന പരിപാടികള്‍ നടത്തുന്നതില്‍ നിന്നും ആര്‍.എസ്.എസിനെ തടയണം എന്നാവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയും തടയാനെത്തിയ പൊലീസുകാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയുമായിരുന്നു. കൊവിഡ് മാനദണ്ഡം ലംഘിച്ചു എന്നതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇവരെ പിന്നീട് പൊലീസ് വിട്ടയച്ചു.