ഗ്രീഷ്മയുടെ ആത്മഹത്യ ശ്രമം; രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം. ഷാരോണ്‍ രാജിനെ കൊലപ്പെടത്തിയ കേസിലെ പ്രതി ഗ്രീഷ്മ പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ട് വനിത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവരാണ് ഗ്രീഷ്മയെ ശുചിമുറിയിലേക്ക് കൊണ്ടുപോയത്. ശുചിമുറിയിലെ അണുനാശിനി കഴിച്ചാണ് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചികിത്സയില്‍ കഴിയുന്മന ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതിയില്‍ പ്രശ്‌നമില്ല.

ഇന്നലെ രാത്രിയാണ് ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. വനിതാ എസ്‌ഐയും മൂന്ന് വനിത പോലീസുകാരുമാണ് കാവലിന് ഉണ്ടായിരുന്നത്. സുരക്ഷ കണക്കിലെടുത്ത് ഗ്രീഷ്മയ്ക്ക് ഉപയോഗിക്കുവാന്‍ പ്രത്യേക ശുചി മുറി തയാറാക്കിയിരുന്നു. എന്നാല്‍ മറ്റൊരു ശുചിമുറിയില്‍ വെച്ചാണ് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജാഗ്രത പാലിക്കണമെന്നു നിര്‍ദേശം ഉണ്ടായിട്ടും വിഴ്ച സംഭവിച്ച സാഹചര്യത്തിലാണ് പോലീസുകാര്‍ക്കെതിരെ നടപടി.

ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയുമായി തിങ്കളാഴ്ച അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് ഉണ്ടാകില്ല. ആത്മഹത്യ ശ്രമത്തിന് പിന്നാലെ ഗ്രീഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാലാണ് തെളിവെടുപ്പ് മാറ്റിയത്.

അതേസമയം കൂടുതല്‍ ശക്തമായ തെളിവുകള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഗ്രീഷ്മയുടെ വീട്ടില്‍ പോയപ്പോള്‍ ഷാരോണ്‍ ധരിച്ച വസ്ത്രങ്ങള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കി. ഈ വസ്ത്രങ്ങള് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കുവനാണ് പോലീസ് തീരുമാനം. കേസില്‍ ഷാരോണിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുകയാണ്.