വീണയുടെ സ്ഥാപനം ജിഎസ്ടി അടച്ചോയെന്ന ചോദ്യം , വിചിത്ര മറുപടിയുമായി ജിഎസ്ടി വകുപ്പ്

തിരുവനന്തപുരം∙ സിഎംആര്‍എല്ലിനു നല്‍കിയ സേവനത്തിനു കിട്ടിയ തുകയുടെ ഐജിഎസ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയുടെ സ്ഥാപനം അടച്ചോയെന്ന ചോദ്യത്തിനു മറുപടി നല്‍കാതെ ജിഎസ്ടി വകുപ്പ്. വിവരാവകാശ നിയമത്തിലെ സെക്ഷൻ 8(1) (e) പ്രകാരം വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്ന വിവരങ്ങൾ കൈമാറാനാകില്ലെന്ന വിചിത്ര മറുപടിയുമായി ജിഎസ്ടി വകുപ്പ് .

സിഎംആര്‍എല്ലില്‍നിന്നും വീണയുടെ സ്ഥാപനം എക്‌സാലോജിക് വാങ്ങിയ 1.72 കോടി രൂപയ്ക്കു ഐജിഎസ്ടി അടച്ചോ എന്നതായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യം. എന്നാല്‍ വ്യക്തികളുടെ സ്വകാര്യതയെ മാനിച്ചു മറുപടി നല്‍കാന്‍ കഴിയില്ലെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടി.ജിഎസ്ടി വകുപ്പിന്റേതു വളരെ വിചിത്രമായ മറുപടിയാണെന്നായിരുന്നു മാത്യു കുഴൽനാടന്‍ എംഎൽഎയുടെ പ്രതികരണം. അത് ഒളിച്ചോട്ടമാണ്. ജിഎസ്ടി ഇടപാടുമായി ബന്ധപ്പെട്ട് ഞാൻ ആദ്യം ചോദ്യമുന്നയിച്ചപ്പോൾ, രേഖകൾ പിറ്റേദിവസം തന്നെ ഹാജരാക്കുമെന്ന് എ.കെ.ബാലന‍് പറഞ്ഞെങ്കിലും അത് ചെയ്തില്ലെന്നും മാത്യു കുഴൽനാടൻ ഓർമ്മിപ്പിച്ചു.

വീണയും വീണയുടെ സ്ഥാപനമായ എക്‌സാലോജിക് സൊല്യൂഷ്യന്‍സും ഐടി, മാര്‍ക്കറ്റിങ് കണ്‍സല്‍റ്റന്‍സി, സോഫ്റ്റ്വെയര്‍ േസവനങ്ങള്‍ നല്‍കാമെന്നു സിഎംആര്‍എലുമായി കരാറുണ്ടാക്കിയിരുന്നു. സേവനങ്ങളൊന്നും നല്‍കിയില്ലെന്നും കരാര്‍പ്രകാരം മാസം തോറും പണം നല്‍കിയെന്നും സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ആദായനികുതി വകുപ്പിനു മൊഴി നല്‍കിയിരുന്നു.