ഗുജറാത്ത് അപകടം; മരണസംഖ്യ 100 കടന്നു;പാലം തകർന്നത് നവീകരണത്തിന് തൊട്ട് പിന്നാലെ

ഗാന്ധിനഗര്‍: മോർബി തൂക്കുപാലം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 100 കടന്നു. 150 ഓളം പേർ മച്ചു നദിയിലേക്ക് വീണതായാണ് വിവരം. 150 വർഷം പഴക്കമുള്ള മോർബിയിലെ തൂക്കുപാലം ഏഴ് മാസത്തെ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം 26നാണ് തുറന്നത്. ഞായറാഴ്ച ഉണ്ടാകാറുള്ള തിരക്കിന് പുറമെ ഛഠ് പൂജക്കെത്തിയവരും കൂടിയായതോടെ തിരക്ക് നിയന്ത്രണാതീതമാകുകയായിരുന്നു. അപകടത്തിൽ 70 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

സംഭവസ്ഥലത്ത് വിവിധ സേന വിഭാഗങ്ങള്‍ സംയുക്തമായി രക്ഷാപ്രവർത്തനം തുടരുകയാണ്. അന്വേഷണത്തിന് അഞ്ചംഗസംഘം രൂപീകരിച്ചു. സംസ്ഥാനത്തുള്ള പ്രധാനമന്ത്രി ഇന്ന് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. നൂതന ഉപകരണങ്ങളുമായി എൻഡിആർഎഫിന്റെ 6 സംഘം, നാവിക – വ്യോമ സേന വിഭാഗങ്ങൾ, അഗ്നിശമന സേന, പൊലീസ് തുടങ്ങിയവർ രക്ഷാ പ്രവർത്തനം തുടരുകയാണ്. അപകടകാരണം അന്വേഷിക്കാൻ അഞ്ചംഗ സംഘം രൂപീകരിച്ചിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സംഭവസ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി.

അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും. പ്രധാനമന്ത്രി മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമു, ആഭ്യന്തര മന്ത്രി അമിത് ഷാ , കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി തുടങ്ങിയവർ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി.