കുഞ്ഞാവ ഇരിക്ക്, മണിച്ചേട്ടൻ ഇപ്പോൾ വരാമെന്ന് വാക്ക് തന്ന് പോയിട്ട് പിന്നെ ഞാൻ കാണുന്നത് ജീവൻ ഇല്ലാതെ- ഹനാൻ

ഹനാനെ കേരളം മറന്നുകാണില്ല. ജീവിക്കാൻ വേണ്ടി മീൻ കച്ചവടത്തിനിറങ്ങിയ വിദ്യാർത്ഥിനിയെ ആരും മറന്നിട്ടില്ല. ഹനാനിന്റെ യൂണിഫോമിലുള്ള ആ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് മലയാളികൾ ഹനാനിനെ തിരിച്ചറിഞ്ഞ് തുടങ്ങിയത്. പിന്നീട് ഹനാന്റെ സംരക്ഷണവും പഠനത്തിന്റെ ചിലവുമെല്ലാം ഒന്നാം പിണറായി സർക്കാർ ഏറ്റെടുത്തതുമൊക്ക അന്ന് ഏറെ വാർത്തയായിരുന്നു. ഒരിക്കൽ സാമൂഹ്യമാധ്യമങ്ങൾ പുകഴ്ത്തുകയും പിന്നീട് ഇകഴ്ത്തുകയും ചെയ്ത വ്യക്തികൂടിയാണ് ഹനാൻ.

അതേസമയം, നേരത്തെ ഹനാൻ വാർത്തകളിലൂടെ വൈറലായപ്പോൾ തന്നെ പുറത്തു വന്നതാണ് താരത്തിന് നടൻ കലാഭവൻ മണിയുമായി ഉണ്ടായിരുന്ന ബന്ധം. ഹനാന്റെ ജീവിത സാഹചര്യങ്ങൾ അറിഞ്ഞ മണി, തന്റെ സ്റ്റേജ് പരിപാടികളിൽ ഹനാനെ അവതാരകയായി കൊണ്ടുപോവുകയും സിനിമകളിൽ ചെറിയ അവസരങ്ങൾ നൽകുകയും ചെയ്തിരുന്നു എന്നാണ് ഹനാൻ പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ, കലാഭവൻ മണിക്കൊപ്പമുള്ള തന്റെ അവസാന നിമിഷങ്ങൾ ഓർക്കുകയാണ് ഹനാൻ.

കുഞ്ഞാവ എന്നാണ് മണിച്ചേട്ടൻ എന്നെ വിളിച്ചിരുന്നത്. മോളുട്ടിയോട് ഉള്ളത് പോലെ തന്നൊരു ബന്ധമായിരുന്നു എന്നോട്. അദ്ദേഹം എനിക്ക് എപ്പോഴും പാടി തന്നിരുന്ന പാട്ടാണ് ‘മിന്നാമിനുങ്ങേ..’ നീ തനിച്ചല്ലേ.. പേടിയാകിലെ.. കൂട്ടിനു വരട്ടെ എന്നൊക്കെ ചോദിച്ച ആളെ പിന്നീട് കാണാതാവുമ്പോൾ അത് വലിയൊരു വേദന ആയിരുന്നു. ആ വിഷമത്തിൽ നിന്ന് ഒന്ന് റിക്കവർ ആവാൻ ഞാൻ വർഷങ്ങളോളം സമയമെടുത്തുവെന്നും ഹനാൻ പറയുന്നു.

ഇപ്പോഴും എനിക്കൊരു ഫാന്റസി പോലൊരു പ്രതീക്ഷയുണ്ട്. ഒരു ഏയ്ഞ്ചൽ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ഒരു വരം തന്നാൽ, മാവേലിയെ പോലെ ഒരു ദിവസം മണിച്ചേട്ടനെ ഇങ്ങോട്ട് കൊണ്ടുവരാൻ പറ്റുമോയെന്ന് ചോദിക്കും. മണിച്ചേട്ടന്റെ പിറന്നാളിനാണ് ഞാൻ മണിച്ചേട്ടനൊപ്പം അവസാനമായി ഒരു പ്രോഗ്രാം ചെയ്യുന്നത്. പ്രോഗ്രാം കഴിഞ്ഞ് ഫ്രണ്ട്സിനെ എല്ലാം പറഞ്ഞുവിടുന്നതിനിടയിൽ മണിച്ചേട്ടൻ പറഞ്ഞു, കുഞ്ഞാവ ഇരിക്കൂ എന്ന്.

ഒരുമിച്ചു കുറച്ചു പാട്ടൊക്കെ പാടി, ഭക്ഷണം ഒക്കെ കഴിച്ചിട്ട് കുഞ്ഞാവ പോയാൽ മതിയെന്ന് പറഞ്ഞു. ഞാനും അമ്മയും അവിടെ ഇരുന്നു. പക്ഷേ അങ്ങനെ പറഞ്ഞ് ഞങ്ങളെ അവിടെ ഇരുത്തി പോയ ആൾ പിന്നീട് തിരിച്ചു വന്നില്ല. പുലർച്ചെ വരെ ഇരുന്നിട്ടും അദ്ദേഹം വന്നില്ല. അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് പോയി. കുഞ്ഞാവ ഇരിക്ക്, മണിച്ചേട്ടൻ ഇപ്പോൾ വരാമെന്ന് വാക്ക് തന്ന് പോയിട്ട് പിന്നെ ഞാൻ കാണുന്നത് ജീവൻ ഇല്ലാതെയാണ്.