കാര്യങ്ങൾ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയ്യടി അർഹിക്കുന്നു: ഹരീഷ് പേരടി

രണ്ട് മന്ത്രിമാരെ വേദിയിലിരുത്തി സർക്കാരിനെ വിമർശിച്ച ജയസൂര്യയ്ക്ക് പിന്തുണ ഏറുകയാണ്. കർഷകർ അടങ്ങുന്ന സാധാരണക്കാർ ഇന്ന് നേരിടുന്ന പ്രശ്നങ്ങളാണ് താരം പറഞ്ഞതെന്നും അതിൽ തെറ്റില്ലെന്നും വാദിച്ച് ഒട്ടേറെ പേർ രംഗത്തെത്തി. പ്രസംഗം വൈറലായതോടെ സർക്കാരിന്റെ ഭാഗം ന്യായീകരിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് മന്ത്രിമാർ. ഇതിന് പിന്നാലെ ജയസൂര്യയ്ക്ക് അഭിവാദ്യം അർപ്പിച്ച് എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടിയും. പരസ്യമായി നിലപാട് പറയാൻ കാണിച്ച തന്റേടത്തെയാണ് ഹരീഷ് പ്രശംസിച്ചത്.

‘കൃഷിക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാർ മനസ്സിലാക്കണം. എന്റെ സുഹൃത്തും കർഷകനും നടനുമായ കൃഷ്ണപ്രസാദ് കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് കൊടുത്തിട്ട് ഇതുവരെ സപ്ലൈക്കോ പണംകൊടുത്തിട്ടില്ല. തിരുവോണ ദിവസം അവർ ഉപവാസം ഇരിക്കുകയാണ്. നമ്മുടെ കർഷകർ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയിൽ എത്തിക്കാൻ വേണ്ടിയാണ് അവർ കിടന്ന് കഷ്ടപ്പെടുന്നത്. ഞാൻഅവർക്ക് വേണ്ടിയാണ് ഈ സംസാരിക്കുന്നത്’ എന്നായിരുന്നു കൃഷി മന്ത്രി പി പ്രസാദും വ്യവസായ മന്ത്രി പി രാജീവും വേദിയിലിരിക്കുമ്പോൾ ജയസൂര്യ പറഞ്ഞത്.

കുറിപ്പിങ്ങനെ,

പറഞ്ഞിതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനേക്കാൾ എന്നെ ആകർഷിച്ചത്….മുഖ്യധാര മലയാള സിനിമാനടൻമാർ പൊതു വിഷയങ്ങളിൽ പ്രതികരിക്കാൻ തുടങ്ങിയെന്നതാണ്..പ്രത്യേകിച്ചും രണ്ട് മന്ത്രിമാർ ഇരിക്കുന്ന വേദിയിൽ അവരെ സുഖിപ്പിക്കാത്ത രാഷ്ട്രിയം പറഞ്ഞുവെന്നതാണ്.. അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന പച്ചക്കറികൾ വിഷം പുരട്ടിയാതാണെന്ന ജയസൂര്യയുടെ പ്രസ്താവനയോട് ഞാൻ ഒട്ടും യോജിക്കുന്നില്ല…ജൈവ കൃഷികൊണ്ടല്ല..രാസവളങ്ങൾ ഉപയോഗിച്ചുള്ള കൃഷി കൊണ്ടാണ് നമ്മുടെ രാജ്യത്തിന്റെ ഗോഡൗണുകൾ സമ്പന്നമായ്ത് എന്നത് ഒരു സത്യമാണ്..അത് തിരിച്ചറിവില്ലാത്ത പ്രസ്താവനയാണ്…അത് അവിടെ നിൽക്കട്ടെ..എന്തായാലും കാര്യങ്ങൾ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയ്യടി അർഹിക്കുന്നു…

മറ്റ് നായക നടൻമാരുടെ ശ്രദ്ധക്ക്..നിങ്ങൾ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാൽ മാത്രമേ ജനം കാണു…അതുകൊണ്ട് സിനിമ നാട്ടുക്കാർ കാണാൻ വേണ്ടി മിണ്ടാതിരിക്കണ്ട…നാട്ടുക്കാർക്ക് നിങ്ങളെക്കാൾ ബുദ്ധിയും വിവരവുമുണ്ട്…പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയിൽ അഭിനയിക്കുക…നിങ്ങളുടെ അഭിനയവും നിലവിലുള്ളതിനേക്കാർ നന്നാവും..ജയസൂര്യാ..അഭിവാദ്യങ്ങൾ