25 വര്‍ഷം പത്ത് വാടക വീടുകള്‍ മാറി, ഒടുവില്‍ സ്വന്തം വിയര്‍പ്പില്‍ സ്വപ്‌ന ഭവനം സ്വന്തമാക്കി ഹരിത

മലായള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ഹരിത നായര്‍. ചെമ്പരത്തി എന്ന പരമ്പരയിലൂടെ ശ്രദ്ധേയയാ താരം ഇപ്പോള്‍ തന്റെ സ്വപ്‌നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ്. നീണ്ട 25 വര്‍ഷത്തെ വാടക വീട്ടില്‍ ജീവിതത്തിന് ശേഷം സ്വന്തമായി ഒരു വീട് നിര്‍മ്മിച്ചിരിക്കുകയാണ് ഹരിത. പുതിയ വീട്ടിലേക്ക് നടിയും കുടുംബവും താമസം മാറുകയും ചെയ്തു. ഈ സന്തോഷത്തില്‍ പങ്കുചേരാന്‍ ചെമ്പരത്തി പരമ്പരയിലെ താരങ്ങളായ സ്റ്റെബിനും പത്‌നിയും സുമിയുമൊക്ക എത്തി. ഹരിതയുടെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തില്‍ അവള്‍ക്കൊപ്പം ചിലവഴിക്കാനായി എന്ന് പറഞ്ഞ് ഗൃഹപ്രവേശന ചടങ്ങിന്റെ വിശേഷങ്ങള്‍ വീഡിയോയാക്കി സ്റ്റെബിന്‍ പങ്കുവെച്ചു.

ഹരിത തന്റെ സ്വപ്‌ന വീടിന് ജനനി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. തന്റെയും കുടുംബത്തിന്റെയും ഏറെ നാളത്തെ സ്വപ്‌നസാക്ഷാത്കാരമാണ് സ്വന്തമായൊരു വീട് എന്ന് ഹരിത പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ‘സ്വന്തമായി സമ്പാദിക്കാന്‍ തുടങ്ങിയതോടെ ഏറെക്കാലത്തെ സ്വപ്നം ഞാന്‍ വീണ്ടും പൊടിതട്ടിയെടുത്തു. വീട് അന്വേഷണം ആരംഭിച്ചു. പാലക്കാട് പണി നടക്കുന്ന ഒരു വീട് കണ്ടിഷ്ടമായി. 6 മാസം എഗ്രിമെന്റ് എഴുതി അഡ്വാന്‍സ് കൊടുത്തു. പിന്നെയാണ് വെല്ലുവിളികള്‍ തുടങ്ങിയത്. നിരവധി ബാങ്കുകളെ സമീപിച്ചെങ്കിലും എന്റെ പ്രായവും വരുമാനവും പരിഗണിച്ച് ലോണ്‍ തരാന്‍ പലരും തയാറായില്ല. ഒടുവില്‍ ഈശ്വരാധീനംകൊണ്ട് എഗ്രിമെന്റ് കാലാവധി തീരുന്നതിന് ഒരു ദിവസം മുമ്പ് ഒരു ബാങ്ക് ലോണ്‍ അനുവദിച്ചു. അങ്ങനെ വീട് എന്റെ സ്വന്തമായി. ഒരുപാടാളുകള്‍ വീട് എന്ന സ്വപ്നത്തിലേക്കുള്ള വഴിയില്‍ എന്നെ സഹായിച്ചിട്ടുണ്ട്’ ഹരിത പറയുന്നു.

‘ഒരുപാട് സന്തോഷത്തിലാണ് ഞാന്‍. സന്തോഷം കൊണ്ടുള്ള സങ്കടം വരും എന്നൊക്കെ പറയാറില്ലേ… കുറേ വര്‍ഷങ്ങളുടെ സ്വപ്നമായിരുന്നു ഒരു വീട്. വലിയ വീട് വേണമെന്നൊന്നുമില്ലായിരുന്നു. നല്ല കാറ്റും വെളിച്ചവും കിട്ടുന്ന സ്ഥലമായിരിക്കണം എന്നുണ്ടായിരുന്നു അത് സാധിച്ചു. വാടക വീടുകളില്‍ ശ്വാസം മുട്ടി കഴിഞ്ഞിരുന്ന തനിക്ക് ഇപ്പോള്‍ സ്വന്തമായൊരു വീട് കിട്ടിയപ്പോള്‍ സ്വര്‍ഗം കിട്ടിയ പ്രതീതിയാണ്. സിവില്‍ സര്‍വീസെന്ന സ്വപ്നം നേരത്തെ മുതല്‍ മനസിലുണ്ടായിരുന്നതാണ്. അതിന് പിന്നാലെ സഞ്ചരിക്കണമെന്ന് ആഗ്രഹമുണ്ട്.-ഹരിത പറഞ്ഞു.

‘ഡിഗ്രി കഴിഞ്ഞ് സിവില്‍ സര്‍വീസ് സ്വപ്നം മനസ്സില്‍ക്കയറി ഞാന്‍ പരിശീലന ക്ലാസില്‍ പോയിത്തുടങ്ങി. ആ സമയത്ത് കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുക്കുന്നത്. അതില്‍ ഞാന്‍ വിന്നറായി. അതായിരുന്നു വഴിത്തിരിവ്. അങ്ങനെ മോഡലിങ് ഒരു പ്രൊഫഷനായി മാറി. മിസ് കേരള സെക്കന്‍ഡ് റണ്ണറപ് ആയതോടെ കേരളത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ച് തുടങ്ങി. മിനിസ്‌ക്രീന്‍ എന്‍ട്രിയും അതുവഴിയാണ്’ ഇപ്പോള്‍ രണ്ട് സീരിയലുകളില്‍ അഭിനയിക്കുന്നുണ്ട്. -ഹരിത പറഞ്ഞു.