തലസ്ഥാന നഗരിയിൽ വീണ്ടും ഗുണ്ടാ ആക്രണം; പമ്പിൽ ഫോണ്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞതിന് ജീവനക്കാരനെ വെട്ടി

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രണം തുടർക്കഥയാകുന്നു. പമ്പില്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞതിന് വിഴിഞ്ഞം ജംഗ്ഷന് സമീപത്തെ പെട്രോള്‍ പമ്പിലെ ജീവനക്കാരനെ അക്രമികള്‍ വെട്ടി. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം നടന്നത്.

ബൈക്കിൽ വന്ന രണ്ട് യുവാക്കളിൽ ഒരാൾ മൊബൈൽ ഫോണിൽ സംസാരിച്ചത് പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ ചോദ്യം ചെയ്തതാണ് അക്രമത്തിൽ കലാശിച്ചത്. വാക്ക് തർക്കത്തിലേർപ്പെട്ട യുവാക്കൾ പോയി വെട്ടുക്കത്തിയുമായി തിരികെ വന്ന് വെട്ടുകയായിരുന്നുവെന്ന് പമ്പിലെ മറ്റ് ജീവനക്കാർ പറഞ്ഞു. ആക്രണത്തില്‍ ജീവനക്കാരന്‍റെ ഇടതു കൈക്ക് പരിക്കേറ്റു.

സംസ്ഥാന തലസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ 21 ഗുണ്ടാ ആക്രമങ്ങളാണ് നടന്നത്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പൊലീസിന്‍റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങള്‍ കൂടാൻ കാരണം. കേരളത്തിന്‍റെ തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായി മാറുന്ന നിലയാണ്. ഗുണ്ടകളെ അമര്‍ച്ച ചെയ്യണ്ട പൊലീസ് നോക്കുകുത്തിയായി നിൽക്കുമ്പോൾ ഭീതിയോടെയാണ് ജനം കഴിയുന്നത്.