ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗല്ല എന്ന് ആരോഗ്യവകുപ്പ്

ലക്കിടി, പേരൂർ, അലനെല്ലൂർ എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ ആഴ്ച ഭക്ഷ്യ വിഷബാധയേറ്റ് രണ്ട് പേർ ചികിത്സ തേടിയിരുന്നു. പാലക്കാട് ജില്ലയിൽ ഉണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗല്ല എന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കമുണ്ടാവുമ്പോൾ രക്തവും പുറംതള്ളപ്പെടാം. ഇവരുടെ രക്തം, മലം എന്നിവ പരിശോധിച്ചതിൽ നിന്നാണ് ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

രണ്ട് മുതൽ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവയാണ് ഷിഗല്ല രോഗ ലക്ഷണങ്ങൾ. കുറച്ച് ബാക്ടീരിയകൾ മാത്രം മതി രോ​ഗം പിടിപെടാൻ. ജില്ലയിൽ ഷിഗല്ലയ്ക്ക് എതിരെ ഡിഎംഒ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അണുബാധ വളരെ പെട്ടെന്നാകും പകരുന്നതെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു.

പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാൻ അനുവദിക്കാതിരിക്കുക. ഭക്ഷണം മൂടിവയ്ക്കുക.
പലതവണ ചൂടാക്കി കഴിക്കുന്ന രീതി ഉപേക്ഷിക്കുക. രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. രോഗലക്ഷണമുള്ളവർ ഒ.ആർ.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ കഴിക്കുക.