കനത്ത മഴയില്‍ ഇടുക്കിയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു; കുട്ടന്‍പുഴയില്‍ 60-ലേറെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

കേരളത്തില്‍ കാലവര്‍ഷം ശക്തമായതോടെ വിവിധ ജില്ലകളില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. മഴ കനത്തതോടെ ഇടുക്കി ചിന്നക്കനാലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു.കോതമംഗലം മണികണ്ഠന്‍ ചാലില്‍ കുട്ടന്‍പുഴ മേഖലയിലെ പ്രധാന പാലം വെള്ളത്തിനടിയിലായതോടെ പാലത്തിന് അക്കരെയുള്ള 60-ല്‍ അധികം കുടുംബങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

മണികണ്ഠന്‍ ചാലില്‍ പുഴ കടക്കുവാന്‍ ഉപയോഗിച്ചിരുന്ന തോണി അറ്റകുറ്റപ്പണികള്‍ക്കായി മാറ്റിയതും 60തിലേറെ കുടുംബങ്ങള്‍ക്ക് പുറത്ത് നിന്നുള്ളവരുടെ സഹായം ലഭിക്കുന്നതിന് തടസ്സമായിരിക്കുകയാണ്. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് പാലം വെള്ളത്തിനടിയിലായത്.

പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകാണ്. ഇടുക്കിയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. മുരിക്കശ്ശേരിയില്‍ വീടിന്റെ ഭിത്തി തകര്‍ന്ന് വീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴ ഇടുക്കി ജില്ലയില്‍ കനത്തതോടെ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായതാണ് മഴയ്ക്കും കാറ്റിനും കാരണം.