ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കിയത് തെറ്റെന്ന് ഹൈക്കോടതി: സെനറ്റ് അംഗങ്ങള്‍ക്ക് തിരിച്ചടി

കൊച്ചി: ഗവര്‍ണര്‍ക്കെതിരെ സര്‍വകലാശാലാ സെനറ്റ് പ്രമേയം പാസാക്കിയത് ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തങ്ങളെ പുറത്താക്കിയതിനെതിരേ കേരള സര്‍വ്വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ രൂക്ഷ വിമർശനം. കോടതിയില്‍ നിയമം പറയുന്ന യൂണിവേഴ്‌സിറ്റി, ചാന്‍സലര്‍ക്കെതിരെ പ്രമേയം പാസാക്കിയത് നിയമപരമാണോയെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ചാന്‍സലര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതില്‍ എതിര്‍പ്പുണ്ടെങ്കില്‍ പ്രമേയം പാസാക്കുകയാണോ വേണ്ടതെന്നും കോടതി ചോദിച്ചു. സെനറ്റ് അംഗങ്ങളുടെ ഹര്‍ജി കോടതി, അടുത്ത ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി. നവംബര്‍ 4 ന് ശേഷം വീണ്ടും യോഗം ചേരാന്‍ കഴിയുമോയെന്ന് അറിയിക്കാന്‍ സര്‍വ്വകലാശാല സമയവും തേടി. അതേസമയം, സെര്‍ച്ച് കമ്മിറ്റി അംഗത്തെ നിര്‍ദേശിക്കുന്നത് മറ്റന്നാളത്തെ സെനറ്റ് യോഗത്തില്‍ പരിഗണിക്കില്ലെന്ന് സര്‍വകലാശാല കോടതിയില്‍ അറിയിച്ചു.

അതേസമയം ഗവർണറും തന്റെ നിലപാട് കടുപ്പിക്കുകയാണ്. രാജി വെക്കാനാവശ്യപ്പെട്ട സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ ശമ്പളം തിരിച്ചുപിടിക്കാനുള്ള നീക്കമുണ്ടെന്നാണ് വിവരം. യുജിസി മാനദണ്ഡത്തിന് വിരുദ്ധമായി നിയമനം നേടിയ വി.സിമാര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്ന നിഗമനത്തോടെയാണ് ഗവര്‍ണറുടെ നീക്കം. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.സിമാര്‍ക്ക് നോട്ടീസയക്കുമെന്നും രാജ്ഭവന്‍ സൂചന നല്‍കുന്നുണ്ട്.