കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്തുകൊണ്ട് സ്ത്രീധന നിരോധന നിയമം നടപ്പാക്കുന്നില്ല; നിലപാട് വ്യക്തമാക്കാനാവശ്യപ്പെട്ട് ഹൈക്കോടതി

സ്ത്രീധന നിരോധന നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കര്‍ശനമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടായി ചോദിച്ചു. ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരുടെ നിയമനം നടപ്പാക്കാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. ഹര്‍ജിയില്‍ മൂന്നാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണം.

സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കണമെന്ന വ്യവസ്ഥയിലും സര്‍ക്കാര്‍ നിലപാടറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വിസ്മയ കേസടക്കം നിരവധി സ്ത്രീപീഡന സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. പെരുമ്പാവൂര്‍ സ്വദേശിയായ വിദ്യാഭ്യാസ വിദഗ്ദ്ധ ഡോ.ഇന്ദിരാ രാജന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍.

ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിയമിക്കണം, ഇരകളുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. വിവാഹ സമയത്തോ അനുബന്ധമായോ നല്‍കുന്ന സമ്മാനങ്ങളടക്കം കണക്കാക്കി മാത്രമേ വിവാഹ രജിസ്ട്രേഷന്‍ നടത്താവൂ തുടങ്ങിയവയായിരുന്നു ഹര്‍ജിയിലെ ആവശ്യം.