ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖു രാജിവെച്ചെന്ന് പ്രതിപക്ഷ നേതാവ്, പോരാളിയാണെന്നും പോരാട്ടം തുടരുമെന്നും സുഖു

ഷിംല. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് രാജിവെച്ചതായി റിപ്പോര്‍ട്ട്. രാജി സന്നദ്ധത കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായിട്ടാണ് വിവരം. അതേസമയം രാജിവാര്‍ത്ത സുഖു തള്ളി. ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ചേക്കുമെന്ന് വിവരങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രി സുഖു രാജി സമര്‍പ്പിച്ചതായി പ്രതിപക്ഷ നേതാവ് ജയ്‌റാം ഠാക്കൂറാണ് പറഞ്ഞത്.

രാജി റിപ്പോര്‍ട്ടുകള്‍ എഐസിസിയും തള്ളിയിട്ടുണ്ട്. സുഖുവിനെതിരെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എതിര്‍പ്പ് ശക്തമായതോടെയാണ് രാജി എന്നാണ് വിവരം. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്യുകയും ഒരു മന്ത്രി രാജിസമര്‍പ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വിമത നീക്കത്തിന് ശ്രമിച്ച മന്ത്രി വിക്രമാദിത്യ സിങ്ങാണ് രാജി നല്‍കിയത്.

അതേസമയം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും സംഘവും ഗവര്‍ണറെ കണ്ടതോടെ 14 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്യ്തു. പ്രതിപക്ഷ നേതാവ് അടക്കമുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.