വിവിധ താലൂക്കുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.

ജില്ലയിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും മലയോര പ്രദേശങ്ങളിലും സഞ്ചാരികളെ അനുവദിക്കില്ല. ബീച്ച് ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും മുന്നറിയിപ്പുണ്ട്. തീരപ്രദേശത്ത് മത്സ്യ ബന്ധനത്തിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി.

ലക്ഷദ്വീപിന് സമീപത്തായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദമായി മാറിയതോടെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും വരും ദിവസങ്ങളില്‍ സാധ്യതയുണ്ടെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നവംബര്‍ ഒന്നാം തിയ്യതിയോടെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ഇത് ലക്ഷദ്വീപിലൂടെയാണ് കടന്നു പോകുക.

ക്യാര്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നതിന് മുമ്പ് മറ്റൊരു ചുഴലിക്കാറ്റ് അറബിക്കടില്‍ രൂപപ്പെടുന്നുണ്ടെന്ന മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്നുണ്ട്. മഹാ ചുഴലിക്കാറ്റാണ് രൂപം പ്രാപക്കുന്നത്. അതേസമയം ലക്ഷദ്വീപിന് സമീപമുണ്ടായിരുന്ന ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാനാണ് സാധ്യയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

മഹാ ചുഴലിക്കാറ്റിന് പേര് നല്‍കിയിരിക്കുന്നത് ഒമാനാണ്. ഒമാന്‍ തീരത്തേക്ക് തന്നെയാകും ചുഴലിക്കാറ്റ് സഞ്ചരിക്കുക. ക്യാര്‍ ചുഴലിക്കാറ്റ് ഇതുവരെ അവസാനിച്ചിട്ടില്ല. സൊകോത്ര ദ്വീപ് ഭാഗത്തേക്ക് നീങ്ങികൊണ്ടിരിക്കുന്നു ക്യാര്‍ നവംബര്‍ മൂന്നാം തിയതിയോടെ ദുര്‍ബലമായേക്കും.

ക്യാര്‍ ചുഴലിക്കാറ്റിന്റെ അതേ സഞ്ചാര പാതയായിരിക്കും മഹായുടെതും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫാനി ചുഴലിക്കാറ്റാണ് ഈ വര്‍ഷം ആദ്യമുണ്ടായത്. തുടര്‍ന്ന് അറബിക്കടലിലാണ് ചുഴലിക്കാറ്റുകള്‍ ഉണ്ടായത്. വായു, ഹിക്ക, ക്യാര്‍ ചുഴലിക്കാറ്റുകളാണ് അറബിക്കടലില്‍ ഈ സീസണിലുണ്ടായ മറ്റ് ചുഴലിക്കാറ്റുകള്‍.

അറബിക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും. ശനിയാഴ്ച വരെ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. മണിക്കൂറില്‍ 75 കി.മീ. വേഗതയുള്ള കാറ്റിന് സാധ്യത. തിരുവനന്തപുരത്തിന് 220 കി.മീ. അകലെയാണ് ഇപ്പോള്‍ ന്യൂനമര്‍ദം.

അറബിക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദം തീവ്രമായതോടെ സംസ്ഥാനത്ത് കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. തീരപ്രദേശത്ത് മത്സ്യ ബന്ധനത്തിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂരിലും പാലക്കാടും യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.

പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുന്ന സാഹചര്യത്തില്‍ തീരദേശ മേഖലയിലും മലയോര മേഖലയിലും ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ ഇന്ന് രാത്രി മലയോര മേഖലയിലേക്കുള്ള യാത്ര കര്‍ശനമായി ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇന്നും നാളെ രാവിലെയും ബീച്ചുകളിലേക്ക് പോകരുതെന്നും നിര്‍ദേശമുണ്ട്.