കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ കുറവ്, 5മത്തേ വിമാനത്താവളം കൂടി വരുമ്പോൾ

വൻ നിക്ഷേപം മുടക്കി നിർമ്മിച്ച കണ്ണൂർ വിമാനത്താവളത്തിന്റെ അവസ്ഥ ഏറെ പരിതാപകരം. വരുമാനം ഇല്ല. ചിലവുകളും കടവും മറ്റും വരവിലും കൂടുതൽ. മാത്രമല്ല യാത്രക്കാർ കുറയുന്നു. ഇതോടെ വൻ മുതൽ മുടക്ക് നടത്തിയ പ്രവാസികൾ അടക്കം ഉള്ളവർ നിരാശയിലാണ്‌. കണ്ണൂരിൽ നിന്നും ഒരു വരുമാനം നിക്ഷേപകർക്ക് എന്നു ലഭിക്കും എന്ന് ഇപ്പോഴത്തേ അവസ്ഥയിൽ ഒന്നും പറയാൻ ആകില്ല. മാത്രമല്ല കടവും ബാധ്യതയും കൂടുമ്പോൾ അതും നിക്ഷേപകരായ ഷേയർ ഉടമകളുടെ ബാധ്യതയും മുതൽ മുടക്കിലെ മൂല്യ കുറവിലേക്കും വരികയും ചെയ്യും.

ഓഗസ്റ്റിനെ അപേക്ഷിച്ചു സെപ്റ്റംബറിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ വലിയ ഇടിവാണ്‌ ഉണ്ടായത്. ഓഗസ്റ്റിനെ അപേക്ഷിച്ചു സെപ്റ്റംബറിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 12,334, രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ 7,557 എന്നിങ്ങനെയാണു കുറവുണ്ടായത്. ആദ്യമായാണ് ഇവിടെ യാത്രക്കാരുടെ എണ്ണം കുറയുന്നത്. വിമാനങ്ങൾ പലതും കണ്ണൂരിനെ കൈവിടുന്നു എന്ന ഞെട്ടിപ്പിക്കുന്ന അവസ്ഥയുമാണ്‌. പല വിമാന കമ്പിനികളും കണ്ണൂർ ഷെഡ്യൂൾ ക്യാൻസൽ ചെയ്ത് കൊച്ചിയിലും കോഴിക്കോടും മാത്രമായി പിടിമുറുക്കുകയാണ്‌. എന്തുകൊണ്ടാണ്‌ വിമാന കമ്പിനികൾ കണ്ണൂരിനെ കൈയ്യൊഴിയുന്നതും പുതിയ കമ്പിനികൾ വരാൻ മടിക്കുന്നതും എന്നെല്ലാം ഇനിയും വ്യക്തമല്ല. യാത്രക്കാരുടെ കുറവു തന്നെ പ്രധാനം. കോഴിക്കോടും, മംഗലാപുരവും, ബാങ്ക്ളൂർ വിമാനത്താവളവും ഉള്ളപ്പോൾ അവിടെ നിന്നും യാത്രക്കാർ ആരും ഇങ്ങോട്ട് വരില്ല. ചുരുക്കത്തിൽ കാസർകോട് ഭാഗത്തുള്ളവർ പോലും മംഗലാപുരത്തേ ആശ്രയിക്കുന്നു. വയനാട് ജില്ലക്കാർ കോഴിക്കോടിനെ ആശ്രയിക്കുന്നു. ഇങ്ങിനെ വന്നാൽ കണ്ണൂർ ജില്ലക്കാർക്കായി മാത്രം ഒരു വിമാനത്താവളം എന്നു വന്നാൽ ഭാവിയിൽ കണ്ണൂരിന്റെ കാര്യം കഷ്ടത്തിലാവും

ഇൻഡിഗോ കുവൈത്ത് സർവീസ് നിർത്തിയതും ദോഹ സർവീസ് ഒരു മാസത്തേക്കു താൽക്കാലികമായി നിർത്തിയതും യാത്രക്കാരുടെ എണ്ണം കുറയാൻ കാരണമായി. ആഭ്യന്തര സർവീസിലും കുറവുണ്ട്. 796 ആഭ്യന്തര സർവീസുകളാണു കഴിഞ്ഞ മാസം ഉണ്ടായത്. വിന്റർ ഷെഡ്യൂളിൽ ഗോ എയർ മുബൈയിലേക്കുണ്ടായിരുന്ന അധിക സർവീസ് അവസാനിപ്പിച്ചതോടെ യാത്രക്കാരുടെ എണ്ണം വീണ്ടും കുറഞ്ഞേക്കും.കൂടാതെ ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള അധിക സർവീസും ഗോ എയർ നിർത്താൻ സാധ്യതയുണ്ട്.

3000 കോടിക്കടുത്ത് ചിലവുള്ള കേരളത്തിന്റെ വൻ പദ്ധതിയായിരുന്നു കണ്ണൂർ അന്തരാഷ്ട്ര വിമാനത്താവളം. രാജ്യത്തേ തന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്ന്. എന്നിട്ടും പറന്നുയരാൻ ആകാതെ കിതക്കുകയാണ്‌. കണ്ണൂരിൽ ഇങ്ങിനെ അവസ്ഥ ഉള്ളപ്പോഴാണ്‌ 5മത്തേ വിമാനത്താവളത്തിനായി വീണ്ടും കേരളം ഒരു വലിയ റിസ്ക് ഏറ്റെടുക്കുന്നത്. ഗൾഫ് യാത്രക്കാരുടെ എണ്ണത്തിൽ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും വലിയ കുറവാണ്‌. ഭാവിയിൽ ഗൾഫ് യാത്രക്കാർ ഇനിയും കുറയും എന്നും കരുതുന്നു. ഓരോ വർഷവും ഗൾഫിൽ നിന്നും ജോലി നിർത്തി മടങ്ങുന്നത് 2.5 ലക്ഷം വരെ പ്രവാസി മലയാളികളാണ്‌.