ആഭ്യന്തര വകുപ്പ് പരാജയം, പിണറായി ആഭ്യന്തരം ഒഴിയണം – സി പി ഐ

ആലപ്പുഴ. ആഭ്യന്തരവകുപ്പ് പരാജയമാണെന്നും, പിണറായി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്നും സിപിഐ ജില്ലാ സമ്മേളനത്തില്‍ ആവശ്യം ഉന്നയിച്ച് പ്രതിനിധികൾ. സിപിഐ ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി നേതൃത്വത്തിനും, സര്‍ക്കാരിനും, സിപിഎമ്മിനും രൂക്ഷ വിമര്‍ശനം ആണ് ഉണ്ടായിരിക്കുന്നത്. മുഖ്യമായും ആഭ്യന്തരം, വ്യവസായം വകുപ്പുകള്‍ക്കെതിരെയാണ് പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്.

സംസ്ഥാനത്ത് കൊലപാതകം, ക്വട്ടേഷന്‍, ലഹരി മരുന്ന് മാഫിയകള്‍ വളരുകയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം തീരെ മോശമാണ്. വിലക്കയറ്റം രൂക്ഷമായിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാതെ കാഴ്ചക്കാരാകുന്നു. വ്യവസായ വകുപ്പിനെതിരെയും സമ്മേളനത്തിൽ വിമര്‍ശനങ്ങള്‍ ഉണ്ടായി.ടി. വി തോമസ് സ്ഥാപിച്ച വ്യവസായങ്ങള്‍ വ്യവസായ വകുപ്പ് ചുമതല വഹിച്ച സിപിഎം, ലീഗ് മന്ത്രിമാര്‍ പൂട്ടുകയാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തുകയുണ്ടായി.

വ്യവസായ മന്ത്രി കയര്‍ മേഖലയില്‍ പൂര്‍ണ പരാജയമാണ്. പി.രാജീവ് കയര്‍വകുപ്പ് ചുമതല ഒഴിയണം. കയര്‍ ഉല്‍പാദിപ്പിക്കുന്നത് കൊണ്ട് തൊഴിലാളിക്ക് തൂങ്ങി മരിക്കാന്‍ കഴിയും എന്നു വരെ ചിലര്‍ വിമര്ശനം ഉന്നയിച്ചു. എക്‌സല്‍ ഗ്ലാസസ് ഫാക്ടറി ആക്രി വിലയ്ക്ക് വിറ്റു. കരിമണല്‍ ഖനനത്തിനതിരെ സമ്മേളനത്തില്‍ ഔദ്യോഗികമായി പ്രമേയം അവതരിപ്പിച്ചു. കരിമണല്‍ ഖനനം അവസാനിപ്പിക്കണം. ഈ വിഷയത്തിലെ സിപിഎം നിലപാടുകള്‍ തിരുത്തുക തന്നെ വേണം. ജില്ലയുടെ നിലനില്‍പ്പിനെ ബാധിക്കുന്നതാണ് കരിമണല്‍ ഖനനമെന്നു പ്രമേയത്തില്‍ കുറ്റപ്പെടുത്തി. സി പി ഐ സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. വലതുപക്ഷ വ്യതിയാനം ചെറുക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്നാണ് പ്രതിനിധികൾ ആക്ഷേപം ഉന്നയിച്ചത്.