വയോധികന്റെ എടിഎം കാർഡിൽ നിന്നും 12 ലക്ഷം തട്ടിയെടുത്ത ഹോം നഴ്‌സ് പിടിയിൽ

കൊച്ചി. 12 ലക്ഷം രൂപ വയോധികന്റെ എടിഎം കാര്‍ഡില്‍ നിന്നും തട്ടിയെടുത്ത ഹോംനഴ്‌സ് പോലീസ് പിടിയില്‍. പെരുമ്പാവൂരില്‍ ജോലി ചെയ്ത വീട്ടിലെ വയോധികന്റെ എടിഎം കാര്‍ഡില്‍ നിന്നുമാണ് ഇവര്‍ പണം തട്ടിയെടുത്തത്. ഇവര്‍ രണ്ട് വര്‍ഷമായി ഉതുപ്പിന്റെ വീട്ടില്‍ ജോലി ചെയ്യുന്നു. ഉതുപ്പ് എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ പലപ്പോഴും ഇവര്‍ ഒപ്പം ഉണ്ടായിരുന്നു.

ഇങ്ങനെയാണ് കാര്‍ഡ് കൈക്കലാക്കിയ ഇവര്‍ പെരുമ്പാവൂരിലെ വിവിധ എടിഎമ്മുകളില്‍ നിന്നും പണം തട്ടുകയായിരുന്നു. മൊബൈല്‍ ഫോണില്‍ നിരന്തരമായി മെസേജുകള്‍ വരാന്‍ തുടങ്ങിയതോടെയാണ് പണം നഷ്ടപ്പെടുന്ന കാര്യം ഉതുപ്പ് മനസ്സിലാക്കിയത്.

തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടിച്ചത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു.