വീട് കത്തി നശിച്ചു; ആളപായമില്ല, ഒഴിവായത് വൻ ദുരന്തം

കട്ടപ്പന: പൂട്ടിയിട്ടിരുന്ന വീടിന് തീപിടിച്ചു. ഇരട്ടയാർ ഈട്ടിത്തോപ്പ് കവലയിലാണ് സംഭവം. മുണ്ടിയാങ്കൽ എത്സമ്മയുടെ വീട്ടിലാണ് തീ പടർന്നത്. വീട് പൂർണ്ണമായും കത്തി നശിച്ചു. ഇന്ന് പുലർച്ചെയാണ് വീടിനുള്ളിൽ തീ പടർന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരാഴ്ചയായി എൽസമ്മ ഇവിടെ ഉണ്ടായിരുന്നില്ല. മകളുടെ പ്രസവ ആവശ്യത്തിനായി ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. സമീപത്തെ കൃഷിയിടത്തിൽ ജോലിക്കെത്തിയ നാട്ടുകാരാണ് വീട്ടിൽ തീ പടരുന്നത് ആദ്യം കണ്ടത്.

നാട്ടുകാർ അറിയിച്ചതിനെ തുടർന് നെടുങ്കണ്ടത്ത് നിന്നും കട്ടപ്പനയിൽ നിന്നും ഫയർ ഫോഴ്സ് സംഘം എത്തി തീ അണച്ചു. പഴയ മാതൃകയിൽ കൂടുതലായും തടി ഉപയോഗിച്ച് നിർമിച്ച വീടാണിത്. തടി ധാരാളം ഉള്ളത് തീ വേഗത്തിൽ പടരുന്നതിന് ഇടയാക്കി. വിട്ടുപകരങ്ങളും, മകളുടെ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും വസ്ത്രങ്ങളും കത്തി നശിച്ചതായി എത്സമ്മ പറഞ്ഞു.