വിദ്യാർത്ഥികളുടെ കൂട്ടത്തോൽവി, വിശദീകരണം നൽകാൻ കേരള സർവകലാശാലയോട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : വിദ്യാർത്ഥികളെ കൂട്ടത്തോടെ തോൽപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കേരള സർവകലാശാല രജിസ്ട്രാർ 15 ദിവസത്തിനകം അന്വേഷണം നടത്തി വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്‌സൺ കെ. ബൈജുനാഥ് അറിയിച്ചു.
കേരള സർവകലാശാലയ്‌ക്ക് കീഴിൽ സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷനിൽ രജിസ്റ്റർ ചെയ്ത പന്തളം, പേരയം എൻഎസ്എസ് കോളേജ് സെന്ററുകളിൽ ബിഎ മലയാളം പരീക്ഷ എഴുതിയ വിദ്യാർത്ഥികളാണ് തോറ്റത്.

മുഴുവൻ വിദ്യാർത്ഥികളും തോറ്റതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കേരള സർവകശാലയുടെ വീഴ്ച പുറത്തുവന്നത്. പരീക്ഷയെഴുതിയ എല്ലാവരും തോറ്റതിന് പിന്നാലെ സർവകലാശാല വെബ്‌സൈറ്റിൽ കാരണം തിരക്കിയെങ്കിലും അറ്റൻഡൻസ് ഇല്ലാത്തതാണ് പരാജയ കാരണമായി കണ്ടത്.

. ഉത്തരക്കടലാസുകൾ മൂല്യനിർണയ ക്യാമ്പിലെത്തിക്കാതെയാണ് ഫലം പ്രസിദ്ധീകരിച്ചതെന്ന് പിന്നീട് വ്യക്തമായി. സംഭവത്തിൽ പരാതി ഉന്നയിച്ച വിദ്യാർത്ഥികളോട് പണമടച്ചാൽ വീണ്ടും മൂല്യനിർണയം നടത്തി ഫലം പുറത്തുവിടാമെന്ന് അധികൃതർ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമായത്.