നമുക്ക് ഒരുമിച്ച് പോകാം ഈ പ്രദേശങ്ങളിൽ, കാണിച്ചു തരാം ഭൂ മാഫിയ കയ്യേറിയ 1000 കണക്കിനേക്കർ സ്ഥലം, എം.എം മണിക്ക് മറുപടിയുമായി സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി

ഇടുക്കി. ചിന്നക്കനാൽ, വട്ടവട, കാന്തല്ലൂർ, മാങ്കുളം, വാഗമൺ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ആയിരക്കണക്കിന് ഏക്കർ ഭൂമാഫിയ കയ്യേറിയിട്ടുണ്ട്. ഭൂമി കയ്യേറ്റത്തിൽ എം.എം മണിക്ക് മറുപടിയുമായി സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ. ഈ പ്രദേശങ്ങളിൽ നമുക്കൊരുമിച്ച് പോകാമെന്നും കയ്യേറ്റം ഒഴിപ്പിക്കാമെന്നും ശിവരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

“ജില്ലയിൽ വൻകിട കയ്യേറ്റമുണ്ടെങ്കിൽ ശിവരാമൻ കാണിച്ച് കൊടുക്കട്ടെ! അത് ഗവണ്മെന്റ് പരിശോധിക്കട്ടെ! അവരെ ഗവണ്മെന്റ് ഒഴിപ്പിക്കട്ടെ!”

എന്റെ ഫേസ്ബുക് പോസ്റ്റിനെക്കുറിച്ച് മണിയാശാന്റെ പ്രതികരണമാണിത് . 2018 ൽ ചിന്നക്കനാൽ പഞ്ചായത്തിൽ ഒരു കുടുംബം കയ്യേറി കുരിശ് സ്ഥാപിച്ച 200 ഏക്കർ സ്ഥലം ഒഴിപ്പിച്ചപ്പോൾ മണിയാശാൻ പറഞ്ഞത് എന്താണെന്ന് എനിയ്ക്ക് നല്ല ഓർമയുണ്ട് . അത് കയ്യേറ്റമല്ല എന്നും , അദ്ദേഹം ഒന്നാന്തരം കൃഷിക്കാരനാണെന്നുമാണ് മണിയാശാൻ പറഞ്ഞത് .

ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം . ഒരു കുടുംബത്തിന് കൈവശം വെക്കാവുന്ന ഭൂമി എത്രയെന്നും , ഒരു വ്യക്തിക്ക് എത്ര ഏക്കർ അവകാശമുണ്ടെന്നും നിയമം വ്യക്തമാക്കുന്നുണ്ട് . ചിന്നക്കനാൽ , വട്ടവട , കാന്തല്ലൂർ , മാങ്കുളം ,വാഗമൺ , തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ 1000 കണക്കിനേക്കർ ഭൂമി ഭൂ മാഫിയ കയ്യേറിയിട്ടുണ്ട്. ഇതിനെക്കുറിച്ചൊന്നുമറിയാത്ത ഒരു മഹാ പാവമാണ് മണിയാശാൻ എന്ന് ഞാൻ കരുതണമോ ? നമുക്ക് ഒരുമിച്ച് പോകാം ഈ പ്രദേശങ്ങളിൽ , ഞാൻ കാണിച്ചു തരാം .

അതൊഴിപ്പിക്കണമല്ലോ.! മൂന്നാറിൽ 5 സെന്റ് വരെ ഉള്ളവരെ ഒഴിപ്പിക്കണ്ട എന്ന് 2018 ൽ തന്നെ കേരളാ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്. അത് കൊണ്ട് അവരെ ഒഴിപ്പിക്കണ്ട. എന്നാൽ ഒരു കയ്യേറ്റവും ഒഴിപ്പിക്കാൻ പാടില്ല എന്ന അന്ത്യ ശാസനം കൊടുക്കുന്നത് കമ്മ്യൂണിസ്റ്റുകാർക്ക് യോജിച്ച നടപടി അല്ല. ഈ കയ്യേറ്റ ഭൂമി എല്ലാം സർക്കാർ പിടിച്ചെടുത്ത് ഭൂരഹിത കർഷക തൊഴിലാളികൾക്കും , തോട്ടം തൊഴിലാളികൾക്കും വീട് വെക്കാൻ പതിച്ചു കൊടുക്കണമെന്നാണ് ഞാൻ എന്റെ പോസ്റ്റിൽ പറഞ്ഞത് . ആ നിലപാടിൽ ഞാനിപ്പോഴും ഉറച്ച് നിൽക്കുന്നു.