മദ്യപിച്ച് വാഹനം ഓടിച്ച ബസ് ഡ്രൈവർമാർക്ക് പോലീസിന്റെ വക ഇംപോസിഷൻ

തൃപ്പൂണിത്തുറ. മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർമാർക്ക് പോലീസിന്റെ വക ഇംപോസിഷൻ. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ ഒമ്പത് മണി വരെ തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ബസ്സ് ഡ്രൈവർമാർ പിടിയിലായത്.

പിടിയിലായ 16 ഡ്രൈവറർമാരേക്കൊണ്ട് 1000 തവണ ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല എന്ന് ഇംപോസിഷൻ എഴുതിച്ച ശേഷമാണ് ജാമ്യത്തിൽ വിട്ടത്. പിടിയിലായവരിൽ നാല് പേർ സ്കൂൾ ബസ്സ് ഓടിച്ചവരും രണ്ടുപേർ പേർ കെഎസ്ആർടിസി ബസ്സ് ഡ്രൈവർമാരും 10 പേർ പ്രൈവറ്റ് ബസ്സ് ഓടിച്ച ഡ്രൈവർമാരുമാണ്. കരിങ്ങാച്ചിറ,വൈക്കം റോഡ് എന്നിവിടങ്ങളിൽ രണ്ടു സംഘങ്ങളായിട്ടായിരുന്നു പരിശോധന.

പിടികൂടിയ ബസ്സിലെ യാത്രക്കാരെ പോലീസ് ഡ്രൈവർമാർ തൃപ്പൂണിത്തുറ ബസ്റ്റാൻഡിലെത്തിച്ച് തുടർ യാത്രാ സൗകര്യം ഒരുക്കി. സ്കൂൾ വിദ്യാർത്ഥികളെ മഫ്ടിയിലുള്ള പോലീസ് അതാത് സ്കൂളുകളിൽ എത്തിച്ചു. പിടിയിലായ കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി കെഎസ്ആർടിസി അധികാരികൾക്ക് അയക്കും.

കൂടാതെ പിടിയിലായ ഡ്രൈവർമാരുടെ ഡ്രൈവിംങ് ലൈസൻസ് റദ്ദാക്കുന്നതിനും ഇവർ ഓടിച്ചിരുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്പെക്ടർ വി ഗോപകുമാർ അറിയിച്ചു.