മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം; ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്തും

കണ്ണൂര്‍. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ പോലീസ് ജില്ലാ കളക്ടറുടെ അനുമതി തേടി. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നതടക്കമുള്ള കേസിലാണ് നിര്‍ദേശം.

ഫര്‍സീന്‍ മജീദിനെതിരെയുള്ള കേസുകളുടെ എണ്ണവും കേസുകളുടെ സ്വഭാവവും പരിഗണിച്ചാണ് പോലീസ് നടപടി. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരില്‍ നിന്നാണ് ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്. ഫര്‍സീന്‍ മജീദിനെ ജില്ലയില്‍ തുടരുാന്‍ അനുവദിച്ചാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു ഗൂഡാലോചന നടത്തി, മറ്റ് പഴയ കേസുകളും ചേര്‍ത്താണ് കളക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. കളക്ടര്‍ ശുപാര്‍ശ അംഗീകരിച്ച് അന്തിമ സമിതിക്ക് നല്‍കണം. അതേസമയം ഫര്‍സീന് തന്റെ വാദങ്ങള്‍ പറയാനുള്ള അവസരവും ലഭിക്കും.

2018 മുതല്‍ ഫര്‍സീന് എതിരെ ചുമത്തിയിട്ടുള്ള കേസുകളുടെ അടിസ്ഥാനത്തിലാണ് മട്ടന്നൂര്‍ പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാഷ്ട്രീയ പകവീട്ടലാണെന്നു ഇതിനായി പോലീസിനെ ഉപയോഗിക്കുകയാണെന്നും ഫര്‍സീന്‍ പ്രതികരിച്ചു.