ഡീസലിന്റെ അധിക വിലക്കെതിരെയുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കെ എസ് ആർ ടി സി ഡീസലിന്റെ അധിക വിലക്കെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. പൊതുമേഖല എണ്ണ കമ്പനികൾ വിപണി വിലയേക്കാൾ അധികം തുക ഈടാക്കുന്ന നടപടി തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

ജസ്റ്റിസ് എസ്. അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. എണ്ണ കമ്പനികൾ കെ എസ് ആർ ടി സിക്ക് വിപണി വിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നേരത്തെ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ കെ എസ് ആർ ടി സി ആവശ്യപ്പെട്ടു.

വിപണി വിലയേക്കാൾ ലീറ്ററിന് 21 രൂപയിലധികമാണ് എണ്ണ കമ്പനികൾ ഇപ്പോൾ ഈടാക്കുന്നത് കോ പറേഷന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ കെ എസ് ആർ ടി സി അടച്ചു പൂട്ടേണ്ടി വരുമെന്നു ഹർജിയിൽ വ്യക്തമാക്കി.