ലോക സമാധാനത്തിനായി ഇന്ത്യയും അമേരിക്കയും കൈകോർക്കും – നരേന്ദ്രമോദി

വാഷിങ്ടൺ . ലോക സമാധാനത്തിനായി ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കുമെന്നും, ഇന്ത്യയും അമേരിക്കയും തമ്മിൽ ജനാധിപത്യത്തിലധി ഷ്ടിതമായ ദൃഢമായ ബന്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വൈറ്റ് ഹൗസിൽ നടന്ന സ്വീകരണത്തിന് നന്ദി അറിയിച്ച ശേഷം സംസാരിക്കുകയായിരുന്നു മോദി. ഇരു രാജ്യങ്ങളുടെയും ഭരണഘടനയിലുള്ള സാമ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡാനന്തരം പുതിയ ലോകക്രമം രൂപപ്പെട്ടതായും ലോക സമാധാനത്തിനും സുസ്ഥിരതയ്ക്കുമായി അമേരിക്കയുമായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും മോദി പറഞ്ഞു.

ത്രിദിന സന്ദർശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വൈറ്റ് ഹൗസിൽ പ്രൗഡോജ്ജ്വലമായ സ്വീകരണം ആണ് ലഭിച്ചത്. 19 അംഗ മിലിറ്ററി ഗൺ സല്യൂട്ടോടെയായിരുന്നു മോദിയെ വൈറ്റ് ഹൗസിൽ സ്വീകരിക്കുന്നത്.. ഇരു രാഷ്ട്രത്തലവൻമാരും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്ക് മുന്നോടിയായി ആയിരുന്നു ഈ ഗംഭീര സ്വീകരണം.

നിലവിലുള്ള ലോകസാഹചര്യത്തിൽ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് മോദിയെ സ്വീകരിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറയുകയുണ്ടായി. താൻ വൈസ് പ്രസിഡന്റ് ആയിരുന്ന കാലം മുതലുള്ള വിശ്വാസത്തിൽ അധിഷ്ടിതമായ ഊഷ്മളമായ ബന്ധമാണ് മോദിയുമായുള്ളതെന്ന് ബൈഡൻ പറഞ്ഞു. ഇരു രാജ്യങ്ങളും ദാരിദ്ര നിർമാർജനം കാലാവസ്ഥ വ്യതിയാനത്തെ അഭിമുഖീകരിക്കൽ ആരോഗ്യസംരക്ഷണം ഭക്ഷ്യ സുരക്ഷ ഉറപ്പാക്കൽ എന്നിവയ്ക്കായി പരസ്പര സഹകരണത്തോടെ പ്രവർത്തിച്ചുവരികയാണ് – ജോ ബൈഡൻ പറഞ്ഞു.

അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ലോകത്തിനും ഒരു പോലെ പ്രധാന്യമേറിയതാണ് ഇതൊക്കെ. സാങ്കേതികമായും സാമൂഹികപരമായും രാഷ്ട്രീയപരമായും നിരവധി മാറ്റങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. നമ്മളെടുക്കുന്ന ഓരോ തീരുമാനങ്ങളും ഭാവിയെ സ്വാധീനിക്കും എന്നും ജോ ബൈഡൻ പറഞ്ഞു.

ബഹിരാകാശ പര്യവേഷണം, പ്രതിരോധ മേഖലയിലെ സഹകരണം ഉൾപ്പടെ വിവിധ പദ്ധതികളാണ് മോദിയുടെ അമേരിക്കൻ സന്ദർശനം വഴി സാദ്ധ്യമാകാനിരിക്കുന്നത്. വൈറ്റ് ഹൗസിലെ സ്വീകരണത്തിന് ശേഷം അമേരിക്കൻ പ്രസിഡന്റും മോദിയുമായി നടക്കുന്ന ഉഭയ കക്ഷി ചർച്ചയിൽ ആഭ്യന്ത്യര ആഗോള വിഷയങ്ങളടക്കം വിഷയമാകും.