സൈന്യം വധിച്ച നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹം ഏറ്റുവാങ്ങണമെന്ന ഇന്ത്യയുടെ പ്രസ്താവനയോട് പ്രതികരിക്കാതെ പാകിസ്താന്‍

നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ സൈന്യം വധിച്ചവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങണമെന്ന് പാകിസ്താനോട് ഇന്ത്യ. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ പാക്കിസ്ഥാന്‍ ഇതുവരെ തയ്യാറായില്ല. ജമ്മു കശ്മീരിലെ കേരാന്‍ സെക്ടറിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ (ബിഎടി) ടീമിലെ അഞ്ചു മുതല്‍ ഏഴുവരെ അംഗങ്ങളെ വധിച്ചതായി സെന്യം ശനിയാഴ്ച അറിയിച്ചിരുന്നു.

നിയന്ത്രണരേഖയ്ക്കു സമീപം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലാണ് നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങള്‍ കിടക്കുന്നത്. 36 മണിക്കൂറിനിടെയാണ് അഞ്ച് നുഴഞ്ഞു കയറ്റക്കാരെ സൈന്യം വധിച്ചതെന്നാണ് സൂചന.മൃതദേഹം ഇന്ത്യന്‍ ഔട്ട്പോസ്റ്റുകളോട് ചേര്‍ന്ന് തന്നെയാണ് കിടക്കുന്നതെന്നും സേന അറിയിച്ചിരുന്നു. മൃതദേഹങ്ങള്‍ കണ്ടെടുക്കാതിരിക്കാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് കരസേന നിരന്തരമായി വെടിയുതിര്‍ക്കുകയാണെന്നും കരസേന വ്യക്തമാക്കിയിരുന്നു.

ഭീകരവാദികളുടെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കാഷ്മീരിലെ സുരക്ഷ കഴിഞ്ഞ ദിവസം ശക്തമാക്കിയിരുന്നു. അമര്‍നാഥ് തീര്‍ഥാടനം താത്കാലി കമായി നിര്‍ത്തിവയ്ക്കുകയും തീര്‍ഥാടകര്‍ എത്രയുംവേഗം കാഷ്മീര്‍ വീട്ടുപോകണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു.