ജമ്മുവില്‍ സൈന്യശക്തി, മുന്‍മുഖ്യമന്ത്രിമാര്‍ വീട്ടുതടങ്കലില്‍, നിരോധനാജ്ഞ

ജമ്മു: ജമ്മുകശ്മീരില്‍ സൈനികസാന്നിധ്യം ശക്തമാക്കിയതിന് തൊട്ടുപിന്നാലെ മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും വീട്ടുതടങ്കലില്‍. ഇവരെ കൂടാതെ പല നേതാക്കളും വീട്ടുതടങ്കലിലാണ്. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. ഇത് കൂടാതെ ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രജൗറി, ഉധംപൂര്‍ ജില്ലകളിലും കശ്മീര്‍ താഴ് വരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുയോഗങ്ങളും റാലികളും നിരോധിച്ചു.

സി.പി.എം. ജമ്മുകശ്മീര്‍ സംസ്ഥാന സെക്രട്ടറിയും എം.എല്‍.എ.യുമായ മുഹമ്മദ് യൂസഫ് തരിഗാമിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ബന്ദിപ്പോര എം.എല്‍.എ. ഉസ്മാന്‍ മജീദും അറസ്റ്റിലായി. ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നുമുണ്ടായിട്ടില്ല. ഒമര്‍ അബ്ദുള്ളയടക്കമുള്ള നേതാക്കള്‍ ട്വിറ്ററിലൂടെയാണ് അറസ്റ്റ് വിവരം പുറത്തറിയിച്ചത്. സംസ്ഥാനത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു.