ഇന്ത്യ പശ്ചിമേഷ്യ യൂറോപ്പ് സാമ്പത്തിക ഇടനാഴി തന്ത്രപരവും വാണിജ്യപരവുമായ ഗെയിം ചേഞ്ചർ

ന്യൂഡല്‍ഹി. ഇന്ത്യ പശ്ചിമേഷ്യ യൂറോപ്പ് സാമ്പത്തിക ഇടനാഴി തന്ത്രപരവും വാണിജ്യപരവുമായി രാജ്യത്തിനും മറ്റുള്ളവര്‍ക്കും ഗെയിം ചേഞ്ചറായിരിക്കുമെന്ന് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. വരുന്ന നൂറ് കണക്കിന് വര്‍ഷം ഇന്ത്യ പശ്ചിമേഷ്യ- യൂറോപ്പ് സാമ്പത്തിക ഇടനാഴി ലോകവ്യാപാരത്തിന്റെ ആധാരമായി മാറും. വാണിജ്യപരമായും സാമ്പത്തിക പരമായും ഇത് ഇന്ത്യയ്ക്കും മറ്റുള്ളവര്‍ക്കും ഗെയിം ചേഞ്ചറായിരിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഇടനാഴിക്കായി മുന്‍കയ്യെടുത്തത് ഇന്ത്യയാണെന്ന് ചരിത്രം ഓര്‍ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് ഉദ്ധരിക്കുകയാണ്. ലോകക്രമം കോവിഡ് മഹാമാരിക്ക് ശേഷം മാറി. ലോകമാകെ പ്രയാസത്തിലൂടെ കടന്ന് പോയപ്പോഴാണ് ഇന്ത്യ ജി 20 അധ്യക്ഷ പദം ഏറ്റെടുത്തത്. ആഗോള സാമ്പത്തിക രംഗം നാണ്യപ്പെരുപ്പം, കുറഞ്ഞ വളര്‍ച്ചാനിരക്ക്, ഉയര്‍ന്ന പലിശ നിരക്ക്, വര്‍ധിച്ച പൊതുകടം, വ്യാപാരത്തിലെ ഇടിവ്. കാലാവസ്ഥാ വ്യതിയാനം എന്നിവയെ അഭിമുഖീകരിക്കുന്നു.

കോവിഡ് സമയത്തും ശേഷവും ലോകം നേരിടുന്ന വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടുവെന്നും ഇന്ത്യ- പശ്ചിമേഷ്യ-യൂറോപ്പ് ഇടനാഴിയും ഇത്തരത്തില്‍ പ്രധാന്യമുള്ളതാണെന്നും നിര്‍മല സീതാരമന്‍ പറഞ്ഞു.