2027 ഓടെ ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും, അമിത് ഷാ

ന്യൂഡൽഹി : ജി20 ഉച്ചകോടി വിജയം, ചന്ദ്രയാൻ-3 ദൗത്യം, ആദിത്യ എൽ-1 എന്നിവയുടെ വിജയം രാജ്യത്ത് പുതിയ ഊർജം നൽകിയിരിക്കുകയാണ്, 2027 ഓടെ ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിജ്ഞാൻ ഭവനിൽ നടന്ന പിഎച്ച്ഡിസിസിഐയുടെ 118-ാമത് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യത്തിന് ശേഷം ഭാരതം 75 വർഷത്തെ യാത്ര പൂർത്തിയാക്കി. യാത്രയിലുടനീളം നിരവധി നേട്ടങ്ങൾ രാജ്യത്തിന് ലഭിച്ചു. രാജ്യത്ത് ജനാധിപത്യത്തിന്റെ വേരുകൾക്ക് ആഴ്‌നിറങ്ങി’ ഗവേഷണത്തിലും വികസനത്തിലും കൂടുതൽ നിക്ഷേപങ്ങൾ നടത്തണമെന്ന് വ്യവസായികളോട് അദ്ദേഹം നിർദ്ദേശിച്ചു. ‘സമ്പദ്‌വ്യവസ്ഥയിൽ 2014-ൽ ഇന്ത്യയുടെ സ്ഥാനം 11-ാം സ്ഥാനത്തായിരുന്നു. ഇന്ന് നമ്മുടെ രാജ്യം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നു.

2027 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഭാരതം മാറും എന്നതിൽ പൂർണ വിശ്വാസമുണ്ട്. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ മോദി സർക്കാരിന്റെ ശ്രമങ്ങൾ വലുതാണ്. ഇന്ത്യയുടെ ജിഡിപി 3.75 ട്രില്യൺ വർദ്ധിച്ചു. ഏപ്രിലിൽ 1.87 ലക്ഷം കോടിയുടെ ജിഎസ്ടിയാണ് രാജ്യത്തുണ്ടായത്. 2023-24 ലെ ജിഎസ്ടി കണക്ക് 69 ലക്ഷം കോടി രൂപയാണെന്നും അമിത് ഷാ വ്യക്തമാക്കി.