ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ഹാങ്ചൗ. ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ഇത് ആദ്യമായിട്ടാണ് ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം ലഭിക്കുന്നത്. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ചിരാഗ് ഷെട്ടി, സായ്രാജ് റാന്‍കി റെഡ്ഡി സഖ്യത്തിനാണ് സ്വര്‍ണം ലഭിച്ചത്.

ഫൈനലില്‍ ദക്ഷിണ കൊറിയയുടെ കിം വോന്‍ഹോ, സോല്‍ഗ്യൂ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. അനായാസമാണ് ഇന്ത്യന്‍ സഖ്യത്തിന്റെ മുന്നേറ്റം. ഏഷ്യന്‍ ഗെയിംസില്‍ ഫൈനല്‍ പോരാട്ടം വെറും രണ്ട് സെറ്റ് മാത്രമാണ് നീണ്ടു നിന്നത്.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ 26 സ്വര്‍ണമാണിത്. ഇതോടെ ആകെ മെഡല്‍ നേട്ടം 101ല്‍ എത്തി. 35 വെള്ളി, 40 വെങ്കലം എന്നിവയും ഇന്ത്യ ഇതുവരെ നേടിയിട്ടുണ്ട്.