നയതന്ത്ര വിവരങ്ങൾ ചോർത്താൻ ശ്രമം, ഭാരതത്തിന്റെ എംബസി ഉദ്യോഗസ്ഥൻ പിടിയിൽ

ഡൽഹി : നയതന്ത്ര വിവരങ്ങൾ ചോർത്താൻ ശ്രമിച്ച പാക് ചാര സംഘടനയായ ഐഎസ്ഐയുടെ ഏജന്റിനെ മീററ്റിൽ നിന്ന് എ.ടി.എസ് പിടികൂടി. മോസ്കോയിലെ ഇന്ത്യൻ എംബസിയിലെ ജീവനക്കാരനായിരുന്ന സതേന്ദ്ര സിവാളിനെയാണ് ഉത്തർപ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്.

പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, സൈന്യം എന്നിവ സംയുക്തമായി ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഹാപൂർ ജില്ലയിലെ പോലീസ് സ്റ്റേഷൻ പരിധിയിലെ ഷഹ്മഹിയുദ്ദീൻപൂർ ഗ്രാമവാസിയായ ജയ്വീർ സിങ്ങിന്റെ മകനാണ് സതേന്ദ്ര സിവാൾ. വിദേശകാര്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന സിവാൾ ഇപ്പോൾ റഷ്യയിലെ മോസ്‌കോയിലെ ഭാരത എംബസിയിലാണ് ജോലി ചെയ്യുന്നത്.

രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയ ഇയാളെ ആദ്യ ഘട്ടത്തിൽ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകിയത്. പിന്നീട് ആൻഡി ടെററിസ്റ്റ് സ്ക്വാഡിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാൾ പാകിസ്താന്റെ ചാരനാണെന്ന് സമ്മതിച്ചത്. ഉദ്യോ​ഗസ്ഥരുടെ വിശ്വാസം പിടിച്ചുപറ്റിയാണ് ഇയാൾ വിവരങ്ങൾ ചോർത്തിയിരുന്നത്. സൈനിക വിവരങ്ങളും ദൈനംദിന പ്രവർത്തനങ്ങളും ചോർത്താനായിരുന്നു ശ്രമം.

പ്രതിരോധ മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർണായക വിവരങ്ങളാണ് ഇയാൾ ലക്ഷ്യം വച്ചിരുന്നത്. 2021 മുതൽ റഷ്യയിലെ മോസ്കോയിലെ ഭാരതത്തിന്റെ എംബസിയിൽ ഐബിഎസ്എ (ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റൻ്റ്) ആയി ജോലി ചെയ്യുന്ന സിവാളിനെതിരെ ഐപിസി സെക്ഷൻ 121 എ പ്രകാരം ലഖ്‌നൗവിലെ എടിഎസ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.