ഭക്ഷണത്തിന് 16 ലക്ഷം രൂപ, കേക്കിന് 1.20 ലക്ഷം രൂപ, മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവൽസര വിരുന്നിനുള്ള പണം പാസാക്കി

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ക്രിസ്മസ്-പുതുവൽസര വിരുന്നിന് ചെലവായ പണം അനുവദിച്ച് ഉത്തരവിറങ്ങി. ഭക്ഷണത്തിനും മസ്ക്കറ്റ് ഹോട്ടലിലെ മറ്റ് ക്രമീകരണത്തിനുമായി 16.08 ലക്ഷം രൂപയാണ് ചിലവാക്കിയത്. ഇത് കഴിഞ്ഞ തവണത്തേക്കാൾ 7 ലക്ഷം രൂപ കൂടുതലാണ് . പൗരപ്രമുഖർക്ക് ക്രിസ്മസ് കേക്ക് നൽകിയതിന് 1.20 ലക്ഷം രൂപയും കൂടി അനുവദിച്ചു. ക്ഷണക്കത്തിന് 10,725 രൂപയും ചെലവായി. ഈ മാസം ഒന്നിനാണ് പൊതുഭരണ വകുപ്പിൽ നിന്ന് ഉത്തരവിറങ്ങിയത്.

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിനാണ് ഭക്ഷണം തയ്യാറാക്കിയ വകയിൽ 16,08,195 രൂപ അനുവദിച്ചത്. പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപത്തുള്ള സ്ക്വയര്‍ വൺ ഹോം മെയ്‌ഡ് ട്രീറ്റ്സ് എന്ന സ്ഥാപനത്തിനാണ് കേക്ക് തയ്യാറാക്കിയ വകയിൽ 1.2 ലക്ഷം രൂപ അനുവദിച്ചത്. ദിസ് ആന്റ് ദാറ്റ് എന്ന പരസ്യ കമ്പനിയാണ് പരിപാടിക്കായി ക്ഷണക്കത്ത് തയ്യാറാക്കിയത്. ഇവര്‍ക്കാണ് 10725 രൂപ നൽകിയത്. ഫെബ്രുവരി രണ്ടിന് പുറപ്പെടുവിച്ച ഉത്തരവിൽ ട്രഷറിയിലെ എന്റര്‍ടെയ്ൻമെന്റ് ആന്റ് ഹോസ്‌പിറ്റാലിറ്റി അക്കൗണ്ടിൽ നിന്നാണ് പണം അനുവദിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി വിളിച്ച ക്രിസ്മസ് വിരുന്നിലേക്ക് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിരുന്നില്ല. രാജ്ഭവനിൽ നടന്ന ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നു. ഇതിനു പിന്നാലെ ക്രിസ്മസ് വിരുന്നിനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം സർക്കാറും പ്രതിപക്ഷവും നിരസിച്ചത് വലിയ വാർത്തയായിരുന്നു.