യാത്രയ്ക്കിടെ അപമര്യാദയായി സംസാരിച്ചയാളോട് പൊട്ടിത്തെറിച്ച് എയർഹോസ്റ്റസ്

ന്യൂഡൽഹി: എയർഹോസ്റ്റസും യാത്രക്കാരനുംതമ്മിലുള്ള രൂക്ഷമായ വാക്കുതർക്കത്തിന്റെ വീഡിയോ വൈറലാകുന്നു. ഡിസംബർ 16 ന് ഇസ്താംബൂളിൽനിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ 6E 12 വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനത്തിൽ സാൻവിച്ച് വിതരണം ചെയ്തപ്പോൾ അപമര്യാദയായി സംസാരിച്ചയാളോട് എയർഹോസ്റ്റസ് പൊട്ടിത്തെറിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.

യാത്രക്കാരൻ ജീവനക്കാരോട് പരുഷമായി സംസാരിച്ചുവെന്നും ഇത് ഒരു എയർഹോസ്റ്റസിനെ കരയിച്ചുവെന്നും ക്രൂ അംഗം വിഡിയോയിൽ പറയുന്നുണ്ട്. ‘നിങ്ങൾ എനിക്ക് നേരെ വിരൽ ചൂണ്ടി എന്നോട് ആക്രോശിക്കുന്നു. നിങ്ങൾ കാരണം എന്റെ കൂടയെുള്ള ജോലിക്കാർ കരഞ്ഞു. ദയവായി മനസിലാക്കുക, ഇവിടെ നിങ്ങൾ മുൻകൂട്ടി ഓർഡർ ചെയ്ത ഭക്ഷണം മാത്രമേ ലഭ്യമാകൂ.. അത് മാത്രമേ ഞങ്ങൾക്ക് വിളമ്പാൻ കഴിയൂ…” എന്ന് എയർഹോസ്റ്റസ് പറഞ്ഞുതീരുംമുമ്പ് യാത്രക്കാരൻ വീണ്ടും അവൾക്കെതിരെ ദേഷ്യപ്പെട്ട് സംസാരിച്ചു.

“നീ എന്തിനാണ് അലറുന്നത്?” എന്നായിരുന്നു അയാളുടെ ചോദ്യം. നിങ്ങൾ ഞങ്ങളോട് ആക്രോശിക്കുന്നതിനാലാണെന്ന് എയർഹോസ്റ്റസ് മറുപടി പറയുന്നുണ്ട്. ഇതിനിടെ സഹപ്രവർത്തക ഇടപെട്ട് എയർഹോസ്റ്റസിനെ ശാന്തമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും യാത്രക്കാരനും എയർഹോസ്റ്റസും പരസ്പരം വാഗ്വാദം തുടർന്നു. “ക്ഷമിക്കണം, ജോലിക്കാരോട് ഇങ്ങനെ സംസാരിക്കാൻ നിങ്ങൾക്ക് അവകാശമില്ല. നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ ആദരവോടെയും ശാന്തമായും കേട്ടിരുന്നു. തിരിച്ച് നിങ്ങളും ജോലിക്കാരോട് ബഹുമാനം കാണിക്കണം’ എന്ന് എയർഹോസ്റ്റസ് പറഞ്ഞു. “എവിടെയാണ് ഞാൻ ജോലിക്കാരെ അനാദരിച്ചത്?” എന്നായി യാത്രക്കാരൻ.

മുൻകൂട്ടി ഭക്ഷണം ബുക്ക് ചെയ്ത യാത്രക്കാരന് സാൻവിച്ച് ലഭിച്ചപ്പോൾ അത് തണുത്തതാണെന്നും മാറ്റിത്തരണ​മെന്നും ആവശ്യപ്പെട്ട് ബഹളം വെച്ചതാണ് സംഭവത്തിന് കാരണമായതെന്ന് വിമാനത്തിൽ സഹയാത്രികനായിരുന്നയാൾ പറഞ്ഞു. “അദ്ദേഹം വളരെ അക്ഷമനായിരുന്നു, കുറഞ്ഞ നിരക്കിലുള്ള വിമാനത്തിൽ മുൻകൂട്ടി ബുക്ക് ചെയ്‌ത ഭക്ഷണം മാത്രമേ ലഭിക്കൂ എന്ന് അയാൾ മനസ്സിലാക്കിയിട്ടില്ലായിരുന്നു.
സംഭവത്തെ കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചതായി ‘മിന്റ്’ റിപ്പോർട്ട് ചെയ്തു. എന്താണ് സംഭവിച്ചതെന്നന് പരിശോധന നടത്തുമെന്ന് ഇൻഡിഗോയും പ്രസ്താവനയിൽ പറഞ്ഞു.