ബീമാപ്പള്ളി വെടിവെപ്പ് കാലത്തുണ്ടായ സംഭവങ്ങള്‍ പുറത്തുപറയാന്‍ കൊള്ളാത്തത്; ഇന്ദ്രന്‍സ്‌

തിരുവനന്തപുരം : മഹേഷ് നാരായണ്‍- ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മാലിക് മുസ്‌ലിങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ചതായി തോന്നിയിട്ടില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. ചിത്രത്തില്‍ നെഗറ്റീവ് ഷേഡിലുള്ള ജോര്‍ജ്ജ് സക്കറിയ എന്ന പൊലീസുദ്യോഗസ്ഥനായി ഇന്ദ്രന്‍സ് എത്തിയിരുന്നു. ചിത്രത്തെക്കുറിച്ചുള്ള വിവാദങ്ങളില്‍ പ്രതികരിക്കുകയാണ് താരമിപ്പോള്‍.

സംവിധായകന്റെ തീരുമാനമാണ് സിനിമ. ചരിത്രമെഴുതിവച്ചതാണെന്ന് സംവിധായകന്‍ അവകാശപ്പെടുന്നുമില്ല. മാലിക് എല്ലാ അര്‍ഥത്തിലും സംവിധായകന്റെ ചിത്രമാണെന്നും ഇന്ദ്രന്‍സ് പറയുന്നു. ‘മാലിക് ബീമാപള്ളിയുടെ ചരിത്രമൊന്നുമല്ല. കൊച്ചിയെന്ന് പറഞ്ഞ് സിനിമ ഇറങ്ങിയാല്‍ അത് കൊച്ചിയുടെ കഥയാകുമോ? ഇത് സിനിമയാണ്. സംവിധായകന്റെ കലയും അദ്ദേഹത്തിന്റെ ഭാവനയുമാണ്’- മനോരമ ന്യൂസ് ഡോട്ട് കോമിനു നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറഞ്ഞു.ബീമാപള്ളി വെടിവെപ്പ് കാലത്തുണ്ടായ സംഭവങ്ങള്‍ പുറത്ത് പറയാന്‍ കൊള്ളാത്തതാണെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

ഇന്ദ്രന്‍സ് പറഞ്ഞത്: ”ബീമാപള്ളിയുടെ ചരിത്രമൊന്നുമല്ല മാലിക്. കൊച്ചിയെന്ന് പറഞ്ഞ് സിനിമ ഇറങ്ങിയാല്‍ അത് കൊച്ചിയുടെ കഥയാകുമോ? ഇത് സിനിമയാണ്. സംവിധായകന്റെ കലയും അദ്ദേഹത്തിന്റെ ഭാവനയുമാണത്. സംഭവങ്ങളില്‍ നിന്ന് പ്രചോദനം സംവിധായകന്‍ ഉള്‍ക്കൊണ്ടിട്ടുണ്ടാകാം. ബീമാ പള്ളിയുടെ ചരിത്രമല്ലിത്. വെടിവെപ്പ് കാലത്തുണ്ടായ സംഭവങ്ങള്‍ പുറത്ത് പറയാന്‍ കൊള്ളാത്തതാണ്. മോശമാണ്. സിനിമ മുസ്‌ലിങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ചതായി എനിക്ക് തോന്നിയില്ല. സംവിധായകന്റെ തീരുമാനമാണ് സിനിമ. ചരിത്രമെഴുതി വച്ചതാണെന്ന് സംവിധായകന്‍ അവകാശപ്പെടുന്നുമില്ല. മാലിക് എല്ലാ അര്‍ഥത്തിലും സംവിധായകന്റെ ചിത്രമാണ്.”