ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

കൊച്ചി ; ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ ജീവനൊടുക്കിയ സംഭവത്തില്‍ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ). സ്വകാര്യ ആശുപത്രിയില്‍ നടത്തിയ തന്റെ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ അപാകതകളുണ്ടായിരുന്നതായി അനന്യ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡോ. റോയി എബ്രഹാം കള്ളുവേലില്‍ അധ്യക്ഷനായ നാലംഗ സമിതിയാകും അന്വേഷണം നടത്തുക. രണ്ട് സൈക്യാട്രിസ്റ്റുമാരും ഒരു സീനിയര്‍ പ്ലാസ്റ്റിക് സര്‍ജനും അടങ്ങുന്നതാണ് സമിതി.

അതേസമയം ഇടപ്പള്ളിയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിനു കൈമാറി. ഒരു വര്‍ഷം മുന്‍പു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നു എന്നതുള്‍പ്പെടെയുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

അനന്യയുടെ മരണം ആത്മഹത്യ തന്നെയെന്നാണ് പ്രാഥമിക നിഗമനം. ഇതു ശരിവയ്ക്കുന്നതാണ് ശനിയാഴ്ച പൊലീസിനു ലഭിച്ച റിപ്പോര്‍ട്ടിലുമുള്ളതെന്നാണ് അറിയുന്നത്. ചികിത്സാ പിഴവ് ആരോപണത്തില്‍ വ്യക്തത വരുത്തുന്നതിനായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുമായി തിങ്കളാഴ്ച സംസാരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കളമശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സന്തോഷ് പറഞ്ഞു.

അനന്യയുടെ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് ജിജു ഗിരിജാ രാജിനെയും വെള്ളിയാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.