ശരീരം ഉണ്ടെന്നേയുള്ളു അദേഹം കുട്ടികളെപ്പോലെയാണ്, സുരേഷ് ​ഗോപിയെക്കുറിച്ച് ഇന്ദ്രൻസ്

സിനിമയിൽ ആദ്യ കാലത്ത് തയ്യൽക്കാരനായി ജോലി ചെയ്ത ആളായിരുന്നു ഇന്ദ്രൻസ്. ഇക്കാര്യം പലപ്പോഴും അദ്ദേഹം തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇന്ന് അവാർഡുകൾ‌ വാങ്ങിക്കൂട്ടി കരിയർ ഉയർത്തിയിരിക്കുകയാണ് താരം. മുൻപൊരിക്കൽ അന്തരിച്ച തന്റെ മകൾ ഉറങ്ങുന്നത് ഇന്ദ്രൻസ് തയ്ച്ച ഷർട്ടിലാണെന്ന് സുരേഷ് ​ഗോപി പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് നടൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ഉത്സവമേളം എന്ന സിനിമയുടെ വേളയില്‍ ആണ് സുരേഷ് ഗോപിയുടെ മകള്‍ ലക്ഷ്മി മരിക്കുന്നത്. അന്നെടുത്തു കൊണ്ടിരുന്ന ഷോട്ടില്‍ നടന്‍ ധരിച്ചിരുന്നത് ഇന്ദ്രന്‍സ് തയ്ച്ച ഷര്‍ട്ട് ആണ്. ‘ഇന്ദ്രന്‍സിനോട് പറഞ്ഞു ഷൂട്ടിംഗ് കഴിയുമ്പോള്‍ ഈ ഷര്‍ട്ടെനിക്ക് കൊണ്ടുപോകാന്‍ തരണമെന്ന്. ഞാന്‍ പോകാന്‍ നേരം ഷര്‍ട്ട് തരികയും ചെയ്തു. ഞാനെന്റെ മകളെ ഭാര്യയെ ഏല്‍പ്പിച്ച് എറണാകുളത്തേക്ക് പോകുന്ന വഴിക്ക്, പിന്നെ മകളില്ല. അവസാനമായിട്ട് കുഴമാടത്തിനടുത്ത് ചെന്ന്, പെട്ടി അടക്കുന്നതിന് മുന്‍പ് ആ ഷര്‍ട്ട് ഊരി അവളുടെ മുഖം അടക്കം പുതച്ച് ആണ് അടക്കം ചെയ്തത്. അവളിന്ന് ഉറങ്ങുന്നത് ഇന്ദ്രന്‍സ് തന്ന ആ ഷര്‍ട്ടിന്റെ ചൂടിലാണ്, എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

ഈ വീഡിയോ കണ്ട് ഇന്ദ്രന്‍സ് പറഞ്ഞത് ഇങ്ങനെയായിരുന്നു; ‘ആ സംഭവം അദ്ദേഹത്തെ എത്രത്തോളം വേദനിപ്പിച്ചു എന്നതാണ് നമ്മുടെ വേദന. ഒന്നാമതെ കുട്ടികളെ പോലെയാണ് അദ്ദേഹം. ശരീരം ഉണ്ടെന്നേയുള്ളു, കുട്ടികളെപ്പോലെയാണ്. പെട്ടന്ന് വിഷമം വരും. ദേഷ്യം വരികയും ചെയ്യുന്ന ആളാണ്’ എന്നും അദ്ദേഹം പറഞ്ഞു.