സജി ചെറിയാനെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ പോലീസ്

തിരുനന്തപുരം/ ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ അന്വേഷണത്തിന് ഉത്തരവ്.തിരുവല്ല ഡിവൈഎസ്പി ടി രാജപ്പന്‍ റാവുത്തറാണ് അന്വേഷണം നടത്തുക. പോലീസ് മേധാവിക്കും പത്തനംതിട്ട എസ്പിക്കും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുവാന്‍ പോലീസ് തീരുമാനിച്ചത്.

വിവാദ പ്രസംഗം പരിശോധിച്ചതിന് ശേഷം കേസെടുക്കുന്നതില്‍ തീരുമാനം എടുക്കും. കേസ് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ നിയമോപദേശം തേടുമെന്നും ഡിവൈഎസ്പി പറഞ്ഞു. വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അതേസമയം ഭരണഘടനയെ അല്ല ഭരണകൂടത്തെയാണ് താന്‍ വിമര്‍ശിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോടും പിന്നീട് നിയമസഭയിലും മന്ത്രി വ്യക്തമാക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി സജി ചെറിയാനെതിരെ നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുവനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സിപിഐഎം സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേതെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. ബ്രിട്ടീഷുകാര്‍ പറഞ്ഞത് കൊണ്ട് ഇന്ത്യക്കാരന്‍ എഴുതി വച്ചിരിക്കുകയാണെന്നും. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണിത്. ഇതാണ് 75 വര്‍ഷമായി പിന്തുടരുന്നതെന്നും. ജനാധിപത്യം, മതേതരത്വം എന്നിവ പേരിന് മാത്രമാണ് എഴുതിവച്ചിരിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഐഎം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍.