മഹാരാജാസിൽ കാഴ്ച പരിമിതനായ അദ്ധ്യാപകനെ അപമാനിച്ച് വിദ്യാർത്ഥികൾ, കെഎസ്‌യു നേതാവിന് അടക്കം സസ്പെൻഷൻ

കൊച്ചി : കാഴ്ച പരിമിതനായ അദ്ധ്യാപകനെ ക്ളാസ് റൂമിൽ അപമാനിച്ച വിദ്യാർത്ഥികൾക്കെതിരെ നടപടി. മഹാരാജാസ് കോളേജിലെ കെഎസ്‌യു നേതാവ് ഫാസിൽ അടക്കം ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. അദ്ധ്യാപകൻ ക്ളാസ് എടുക്കുന്നതിനിടയിൽ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റായ ഫാസിൽ അടക്കമുള്ള വിദ്യാർത്ഥികൾ അധ്യാപകനെ അവഹേളിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഇതോടെയാണ് കോളേജ് അധികൃതർ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ പൊലീസിൽ പരാതിപ്പെടുമെന്നും അധികൃതർ അറിയിച്ചു. വിദ്യാർത്ഥികൾ ബി എ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനായ പ്രിയേഷിനെയാണ് അപമാനിച്ചത്. അദ്ധ്യാപകൻ ക്ളാസിലുള്ളപ്പോൾ വിദ്യാർത്ഥികൾ ഫോൺ നോക്കിയിരിക്കുന്നതും കസേര വലിച്ചുമാറ്റുന്നതും അടങ്ങുന്ന വീഡിയോയാണ് പുറത്തു വന്നിരുന്നു.

പഠിപ്പിച്ചുകൊണ്ടിരുന്ന അദ്ധ്യാപകന്റെ പുറകിൽ നിന്ന് കളിയാക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. ക്ളാസിലെ വിദ്യാർത്ഥികൾ തന്നെ ചിത്രീകരിച്ച വീഡിയോ സമൂഹമാദ്ധ്യമത്തിലൂടെ പുറത്തു വന്നതിന് വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ രംഗത്തെത്തിയിരുന്നു. അദ്ധ്യാപകനെ അവഹേളിച്ച വിദ്യാർത്ഥികൾക്കെതിരെ കോളേജ് നടപടിയെടുക്കണമെന്നും, വിദ്യാർത്ഥി സംഘടനകൾക്കാകെ അപമാനം വരുത്തിവെച്ച KSU നേതാവ് ഫാസിലിനെതിരെ KSU സംസ്ഥാന നേതൃത്വം നടപടിയെടുക്കുമെന്നും പി എം ആർഷോ ആവശ്യപ്പെട്ടിരുന്നു.