ഇടുക്കിയില്‍ കൂടുതല്‍ നിശാ പാര്‍ട്ടികള്‍ ആസൂത്രണം ചെയ്തതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഇടുക്കിയില്‍ കൂടുതല്‍ നിശാ പാര്‍ട്ടികള്‍ ആസൂത്രണം ചെയ്തതായി ഇന്റലിജന്‍സിന് സൂചന ലഭിച്ചു. ഇടുക്കി വാഗമണ്ണില്‍ നടന്ന നിശാ പാര്‍ട്ടിയില്‍ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്ത സംഭവത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് പുതിയ വിവരം ലഭിച്ചിരിക്കുന്നത്. പാര്‍ട്ടിയ്ക്കാവശ്യമായ ലഹരി മരുന്നുകള്‍ ഇടുക്കിയില്‍ എത്തിച്ചതായാണ് ഇന്റലിജന്‍സിന് ലഭിച്ച സൂചന.

വാഗമണ്ണിലെ നിശാപാര്‍ട്ടിക്ക് പുറകില്‍ വന്‍ സംഘങ്ങളാണുള്ളതെന്ന വിവരത്തെ തുടര്‍ന്ന് പീരുമേട്, ഉടുമ്പന്‍ചോല, മൂന്നാര്‍ മേഖലകളില്‍ എക്‌സൈസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. പാര്‍ട്ടിക്കായി ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന ലഹരി വസ്തുക്കളാണ് എത്തിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ അറസ്റ്റിലായ മോഡലും നടിയുമായ ബ്രിസ്റ്റി ബിശ്വാസിന് കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരി മരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

തൊടുപുഴ സ്വദേശിയും കേസിലെ ഒന്നാം പ്രതിയുമായ അജ്മല്‍ സക്കീറാണ് നിശാ പാര്‍ട്ടിയ്ക്ക് വേണ്ട ലഹരിമരുന്നുകള്‍ എത്തിച്ച് നല്‍കിയതെന്ന് പൊലീസ് മുന്‍പ് വ്യക്തമാക്കിയിരുന്നു. ആഡ്രാ ആഡ്രാ എന്ന വാട്‌സ്ആപ് കൂട്ടായ്മയിലൂടെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. കോഴിക്കോട് സ്വദേശി അജയനും തൊടുപുഴ സ്വദേശി അജ്മലും ആയിരുന്നു വാട്‌സ്ആപ് കൂട്ടായ്മയുടെ അഡ്മിനുകള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 17 പേരാണ് ഗ്രൂപ്പിലുള്ളത്.

നിലവില്‍ ഒന്‍പത് ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. തിങ്കളാഴ്ച ഇവരെ കസ്റ്റഡിയില്‍ വാങ്ങും. പിന്നീടായിരിക്കും ചോദ്യം ചെയ്യല്‍. സമഗ്ര അന്വേഷണമാണ് പുരോഗമിക്കുന്നത്. മഹാരാഷ്ട്ര ബംഗളൂരു ഭാഗങ്ങളില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് കണ്ടെത്തല്‍. ലഹരി മരുന്നില്‍ ഭൂരിഭാഗവും എത്തിച്ചത് തൊടുപുഴ സ്വദേശിയായ സഹീറെന്നും പൊലീസ് കണ്ടെത്തി. സംഭവ ദിവസം വാഗമണ്ണില്‍ ഉണ്ടായിരുന്ന യുവനടിയെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. യുവനടി പാര്‍ട്ടിയില്‍ എത്തുന്നതിന് തൊട്ടുമുന്‍പാണ് റെയ്ഡ് നടന്നതെന്നും വിവരം.

കേസില്‍ പിടിയിലായവരുടെ ലഹരി മാഫിയ ബന്ധം അന്വേഷിക്കും. ഇതര സംസ്ഥാന ലഹരി മരുന്ന് മാഫിയ കേന്ദ്രീകരിച്ച് പൊലീസും അന്വേഷണം നടത്തും. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ റിസോര്‍ട്ടുകളില്‍ പരിശോധന നടത്താനും തീരുമാനമായി.