മുഖ്യമന്ത്രിയെ ക്ഷണിച്ചത് വിവാദമാക്കേണ്ട, നേതൃത്വം ഒറ്റക്കെട്ടായി എടുത്ത തീരുമാനം

തിരുവനന്തപുരം. ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചതും തിരുവനന്തപുരത്ത് നടത്തുവാനുള്ള തീരുമാനം വിവാദമാക്കേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിതെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാവരെയും ഒന്നിച്ച് തിര്‍ത്തുവാനാണ് ശ്രമിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ രീതിയും ഇതായിരുന്നു. മുതിര്‍ന്ന നേതാക്കളുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കെപിസിസി പ്രസിഡന്റെ വ്യക്തത വരുത്തിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് മൂന്നോ നാലോ മാസം കഴിഞ്ഞാണ്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് കൂട്ടായിട്ടാണ് തീരുമാനം എടുക്കുക. പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ എല്ലാ നേതാക്കളും അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.