ഹിജാബ് വിരുദ്ധ പ്രതിഷേധക്കാർക്ക് നേരെ വെടിവെയ്പ്പ്; ഇറാനിൽ ഭീകരാക്രമണത്തിൽ മരണം അഞ്ചായി

ടെഹ്‌റാൻ: ഹിജാബ് വിരുദ്ധ പ്രതിഷേധക്കാർക്ക് നേരെ ഭീകരർ വെടിയുതിർത്തു. ഇറാന്റെ തെക്കുപടിഞ്ഞാറൻ ഖുസെസ്ഥാൻ പ്രവിശ്യയിലാണ് പ്രതിഷേധക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെയാണ് ഭീകരർ വെടിയുതിർത്തത്. അഞ്ച് പേർ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. പത്തിലധികം ആളുകൾക്ക് പരിക്കേറ്റു. വെടിവെയ്പ്പിന്റെ ഉത്തരവാദിത്വം നിലവിൽ ആരും ഏറ്റെടുത്തിട്ടില്ല.

കാറിലെത്തിയ രണ്ട് തോക്കുധാരികളാണ് സുരക്ഷാ സേനയ്‌ക്കും പ്രതിഷേധക്കാർക്കും നേരെ വെടിയുതിർത്തത്.
കൊല്ലപ്പെട്ടവരിൽ ഇറാന്റെ വോളന്റിയർ ബാസിജ് മിലിഷ്യയിലെ രണ്ട് അംഗങ്ങളും ഉൾപ്പെടുന്നതായാണ് പ്രാഥമിക വിവരം. ഒക്ടോബർ 26-ന് ഷിറാസിലെ ഷാ ചെറാഗ് ശവകുടീരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾ കത്തിപ്പടരുന്നതിനിടയിലാണ് ആക്രമണം.

ഇറാനിലെ സ്ത്രീകൾക്കുള്ള വസ്ത്രധാരണ രീതി ലംഘിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത 22-കാരിയായ ഇറാൻ യുവതി മഹ്‌സ അമീനി പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രക്ഷോഭമാരംഭിച്ചത്. സമരങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായി.