പ്രണയത്തിന് കണ്ണും മൂക്കും ഇല്ല, 70 കാരനായ വൃദ്ധൻ 19കാരിയെ പ്രണയിച്ച് കെട്ടി

പ്രണയത്തിന് കണ്ണും മൂക്കും ഒന്നും ഇല്ലെന്നാണ് ചൊല്ല്. പ്രായവ്യത്യാസമോ ദേശവ്യത്യാസമോ ഭാഷ പ്രശ്നമോ ഒന്നും പ്രണയത്തിന് മുന്നിൽ ഇല്ല. ഇക്കാലത്തും ഇത്തരം വ്യത്യസ്തമായ പ്രണയകഥകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഇപ്പോഴിതാ, പാകിസ്ഥാനിൽ ഒരു 70കാരൻ 19കാരിയെ പ്രണയിച്ചു വിവാഹം കഴിച്ചുവെന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

നിത്യേനയുള്ള പ്രഭാത നടത്തത്തിനിടെ കണ്ടുമുട്ടിയ 19കാരിയെ വിവാഹം കഴിച്ച 70കാരനെ പറ്റിയുള്ള വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്രഭാത നടത്തത്തിനിടെ യുവതിയെ കണ്ടുമുട്ടിയതെന്ന് 70കാരനായ അലി പറയുന്നു, ഒറ്റ നോട്ടത്തിൽ തന്നെ അലിക്ക് ഷുമൈലയെ ഇഷ്ടമായെന്നാണ് പറയുന്നത്.

സയ്യിദ് ബാസിത് അലിയുടെ യൂട്യൂബിലൂടെയാണ് ഈ പ്രണയകഥ ഇന്റർനെറ്റിൽ ആളുകളുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പാക്കിസ്ഥാനിലെ നിരവധി അദ്വിതീയ ദമ്പതികളുടെ പ്രണയകഥകൾ പങ്കുവെച്ചുകൊണ്ട് സയ്യിദ് ബാസിത് അലി യൂട്യൂബിൽ ഇതിനോടകം ആയിരകണക്കിന് ഫോളോവർമാരെ സ്വന്തമാക്കിയിട്ടുണ്ട്. അലിയുടെ മിക്ക വീഡിയോകളിലും, പ്രായവ്യത്യാസമുള്ള ദമ്പതികളെയാണ് അവതരിപ്പിക്കാറുള്ളത്.

ഇത്തവണ, 19 കാരിയെ വിവാഹം കഴിച്ച 70 വയസ്സുള്ള പാക്കിസ്ഥാനിലെ ബാബയുടെ കഥയാണ് സയ്യിദ് ബാസിത് അലി പങ്കുവെച്ചിരിക്കുന്നത്. 19 കാരിയായ യുവതിയുടെയും 70 വയസ്സുള്ള പുരുഷന്റെയും അതുല്യ പ്രണയകഥ ജനശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. “അദ്ദേഹം ഹൃദയംകൊണ്ട് വളരെ ചെറുപ്പമാണ്” അതുകൊണ്ടാണ് പ്രായം നോക്കാതെ പ്രണയിക്കാനും വിവാഹം കഴിക്കാനും തയ്യാറായതെന്ന് ഷുമൈല അലി പറഞ്ഞു.

പ്രഭാത സവാരിക്കിടെയാണ് തങ്ങൾ കണ്ടുമുട്ടിയതെന്ന് ലിയാഖത്ത് അലിയും (70), ഷുമൈല അലിയും (19) പറയുന്നു. ലാഹോറിൽ ദിവസേനയുള്ള പ്രഭാത നടത്തത്തിനിടെയാണ് ഷുമൈലയെ കണ്ടുമുറ്റുന്നത്.ആദ്യ കാഴ്ചയിൽ തന്നെ ഷുമൈലയെ അലിക്ക് ഇഷ്ടമായി. അതുകൊണ്ടുതന്നെ ഷുമൈലയെ ആകർഷിക്കാൻ എന്തെങ്കിലും ചെയ്യാൻ അലി തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം രാവിലെ നടക്കുന്നതിനിടയിൽ ഷുമൈലയുടെ പിന്നാലെയെത്തി ഒരു പാട്ട് പാടാൻ അലി തീരുമാനിച്ചു. പ്രഭാത സവാരിക്കിടെയുള്ള ലിയാഖത്തിന്റെ ഈ പാട്ട് ഷുമൈലയുടെ മനം കവരുകയായിരുന്നു. അങ്ങനെ അവർ പരസ്പരം സംസാരിക്കാനും പ്രണയിക്കാനും തുടങ്ങി. പ്രണയം കലശലായതോടെ, വിവാഹത്തിലേക്ക് കടക്കുകയായിരുന്നു.

ദമ്പതികൾക്ക് 49 വയസ്സിന്റെ വ്യത്യാസം ഒരു പ്രശ്‌നമായിരുന്നില്ല, കാരണം അവർ വിവാഹിതരായതിന്‍റെ സന്തോഷത്തിലാണ്. അതിനെ കുറിച്ചുള്ള അവളുടെ കാഴ്ചപ്പാട് ചോദിച്ചപ്പോൾ ഷുമൈല പറഞ്ഞു, “പ്രണയത്തിന് പ്രായമില്ല, അത് സംഭവിക്കും.” എന്നാൽ അവളുടെ മാതാപിതാക്കൾക്ക് വിവാഹ കാര്യത്തിൽ എതിർപ്പ് ഉണ്ടായിരുന്നു, പക്ഷേ അലിയോടുള്ള അവളുടെ അഗാധ സ്നേഹത്തിന് മുന്നിൽ ആ എതിർപ്പുകൾ ഇല്ലാതായി. “എന്റെ മാതാപിതാക്കൾ ആദ്യം എതിർത്തു, പക്ഷേ ഞങ്ങൾക്ക് അവരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു,” ഷുമൈല പറഞ്ഞിരിക്കുന്നു.

ഏതായാലും, ഷുമൈലയെ വിവാഹം കഴിച്ചതിൽ അതീവ സന്തോഷവാനും സന്തുഷ്ടനുമാണ് ലിയാഖത്ത്. 70 വയസ്സായിട്ടും താൻ “ഹൃദയംകൊണ്ട് വളരെ ചെറുപ്പമാണ്” എന്ന് അദ്ദേഹം പറയുന്നു. “പ്രണയത്തിന്റെ കാര്യത്തിൽ പ്രായം ഒരു ഘടകമല്ല,” ലിയാഖത്ത് പറയുന്നു.

ഇപ്പോൾ റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ഉപേക്ഷിച്ചിരിക്കു കയാണെന്നും, ഭാര്യയുടെ ഭക്ഷണത്തിൽ മതിമറന്നിരിക്കുകയാണെന്നും 70 കാരൻ പറയുന്നു. വലിയ പ്രായവ്യത്യാസമുള്ളവർ വിവാഹം കഴിക്കണോ വേണ്ടയോ എന്ന ചോദ്യത്തിന് ലിയാഖത്തിന് വ്യക്തമായ മറുപടിയുണ്ട്. “പ്രായമായവരോ ചെറുപ്പമോ എന്ന കാര്യത്തിൽ ഒരു ചോദ്യവുമില്ല. നിയമപരമായ പ്രായത്തിനുള്ളിൽനിന്ന് വിവാഹം ചെയ്യാൻ അനുവാദമുള്ള ആർക്കും വിവാഹം കഴിക്കാം.” എന്നാണു അയാൾ പറഞ്ഞിരിക്കുന്നത്.