മദ്യനിർമാണത്തിന് എത്തിച്ച 20,000 ലിറ്റർ സ്പിരിറ്റ് ആവിയായി പോയ സംഭവം? മൂന്ന് പേർ അറസ്റ്റിൽ

മദ്യനിർമാണത്തിന് പൊതുമേഖലാ സ്ഥാപനമായ തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ എത്തിച്ച സ്പിരിറ്റ് മറിച്ചു വിറ്റ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഫാക്ടറി ജീവനക്കാരൻ അരുൺകുമാർ, ടാങ്കർ ഡ്രൈവർമാരായ സിജോ, നന്ദകുമാർ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തു. മദ്ധ്യപ്രദേശിൽ നിന്നും ടാങ്കറിലെത്തുന്ന സ്പിരിറ്റ് അതേ കമ്പനിയ്ക്ക് തന്നെ ലിറ്ററിന് അൻപത് രൂപയ്ക്ക് പ്രതികൾ മറിച്ച് വിൽക്കുകയായിരുന്നു.

മദ്ധ്യപ്രദേശിൽ നിന്ന് സ്ഥാപനത്തിൽ എത്തിച്ച നാലായിരം ലിറ്റർ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. മദ്യനിർമ്മാണത്തിനായി എത്തിച്ച സ്പിരിറ്റിൽ നിന്ന് 20,000 ലിറ്റർ മറിച്ചു വിറ്റെന്നാണ് കണ്ടെത്തൽ. ഇവിടേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപയും ഉദ്യോഗസ്ഥർ കണ്ടെടുത്തു. എക്‌സൈസ് കേസ് പോലീസിന് കൈമാറി. സ്ഥാപനത്തിലെ ജീവനക്കാരനായ അരുണിന് കൈമാറാനാണ് പണം എത്തിച്ചത് എന്നായിരുന്നു ഡ്രൈവർമാരുടെ വിശദീകരണം. അരുണിനേയും ഡ്രൈവർമാരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് സ്പിരിറ്റ് മറിച്ചു വിറ്റതായി കണ്ടെത്തിയത്.