വിറയ്ക്കുന്നത് പാകിസ്ഥാനും ചൈനയും; ഇന്ത്യയ്ക്ക് കരുതലായി ഇസ്രായേല്‍

ന്യൂഡല്‍ഹി : പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് ആവശ്യമുള്ളതെന്തും തങ്ങള്‍ നല്‍കും, ഈ ഉറപ്പ് ദൃഢമായും സ്പഷ്ടമായും വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രായേല്‍. ഇന്ത്യയുടെ ശത്രുരാജ്യമായ പാകിസ്ഥാന് വ്യക്തമായ സന്ദേശമാണ് ഇതിലൂടെ ഇസ്രായേല്‍ നല്‍കിയിരിക്കുന്നത്, ഒപ്പം പാകിസ്ഥാന്റെ ഉരുക്ക് സഹോദരന്‍ എന്ന വിശേഷണം പേറുന്ന ചൈനയ്ക്കും ഇന്ത്യയുടെ പുതിയ പങ്കാളി നല്‍കുന്നത് ശക്തമായ താക്കീതാണ്. ഈ മാസം പതിനേഴിനാണ് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസിഡറായ റോണ്‍ മാല്‍ക്ക തങ്ങളുടെ സുഹൃത്തായ ഇന്ത്യയ്ക്ക് സ്വയം പ്രതിരോധിക്കാന്‍ ആവശ്യമായതെന്തും നല്‍കാന്‍ തങ്ങള്‍ സന്നദ്ധരാണെന്ന് അറിയിച്ചത്.

ചൈനയും പാകിസ്ഥാനും ഒന്നായി അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന കാലയളവില്‍ ഇസ്രായേലില്‍ നിന്നും ഇന്ത്യയ്ക്ക് ലഭിക്കുന്ന പരസ്യ പിന്തുണ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢത വിളിച്ചോതുന്നതാണ്. അടുത്തിടെ നിരവധി രാജ്യങ്ങളുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുവാന്‍ ഇസ്രായേലിനായിരുന്നു. ഇതില്‍ ഭൂട്ടാന്‍ അടക്കമുള്ള രാജ്യങ്ങളുമായി അടുക്കാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങളാണ് ഇസ്രായേലിന് സഹായകമായത്. ചൈനയില്‍ നിന്നും കടുത്ത ഭീഷണി നേരിടുന്ന ഭൂട്ടാന് ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാനായത് നയതന്ത്ര സുരക്ഷ മേഖലകളില്‍ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.

അറബ് ലോകത്തും അടുത്തിടെ ഇസ്രായേലിന് സ്വീകാര്യത ഏറിയിരുന്നു. യുഎഇ, ബഹ്റൈന്‍, സുഡാന്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളുമായി ഇതിനകം ഇസ്രായേല്‍ ബന്ധം സ്ഥാപിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെ സൗദി അറേബ്യയും ഇസ്രായേലുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. ഈ രാജ്യങ്ങളെയെല്ലാം ഇസ്രായേലുമായി അടുക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം ഇറാനില്‍ നിന്നും നേരിടുന്ന ഭീഷണിയാണ് എന്ന വസ്തുതയും ഓര്‍ക്കേണ്ടതുണ്ട്. തിരഞ്ഞെടുത്ത മാര്‍ഗം എത്രത്തോളം നീതീകരിക്കാനാവുന്നതാണെങ്കിലും അടുത്തിടെ ഇറാന് കണക്കറ്റ പ്രഹരം ഏല്‍പ്പിക്കുവാന്‍ ഇസ്രായേലിന് കഴിഞ്ഞത് ആ രാജ്യത്തിന്റെ കരുത്ത് വീണ്ടും തെളിയിക്കുന്നതാണ്. ഒരിക്കലും ഇസ്രായേലിനെ അംഗീകരിക്കാന്‍ മടികാണിക്കുന്ന പാകിസ്ഥാന്‍ അറബ് രാജ്യങ്ങളുടെ ഇസ്രായേല്‍ പ്രേമത്തെ പരസ്യമായി തള്ളിപ്പറയുകയാണ്. ഇതും ഇസ്രായേലിന് പാകിസ്ഥാനെ ശത്രുതയോടെ കാണുവാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

അടുത്തിടെ അറബ് രാജ്യങ്ങളുമായി ഇന്ത്യയും ഇസ്രായേലും അടുക്കുന്നതില്‍ പാകിസ്ഥാനുള്ള കണ്ണുകടി മറനീക്കി പുറത്തു വന്നിരിക്കുകയാണ്. പാകിസ്ഥാനില്‍ നിന്നുള്ള പൗരന്‍മാരുടെ തൊഴില്‍ വിസ വെട്ടിക്കുറയ്ക്കുമെന്ന യു എ ഇയുടേയും സൗദിയുടെയും നീക്കങ്ങള്‍ പാകിസ്ഥാന് തിരിച്ചടിയായിരിക്കുകയാണ്. അതേ സമയം ഇന്ത്യന്‍ തൊഴില്‍ വിസകളില്‍ വര്‍ദ്ധന അനുവദിച്ചത് പാകിസ്ഥാനില്‍ ചര്‍ച്ചയായിരുന്നു.

ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുമെന്ന് ഇസ്രായേല്‍ അംബാസിഡര്‍ പ്രഖ്യാപിക്കുമ്‌ബോഴും പുതിയ എതിരാളികളെ ഉണ്ടാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. അതേ സമയം ലഡാക്കില്‍ ഉള്‍പ്പടെ ചൈനയുമായുള്ള സംഘര്‍ഷത്തിനിടയില്‍ ഇന്ത്യ എന്തെങ്കിലും പ്രതിരോധ ഉപകരണം ഇസ്രായേലിനോട് ആവശ്യപ്പെട്ടോ എന്ന മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലില്‍ നിന്ന് ഇന്ത്യക്ക് ആവശ്യമുള്ളതെന്തും ലഭ്യമാക്കുമെന്ന മറുപടിയാണ് റോണ്‍ മാല്‍ക്ക നല്‍കിയത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. ഈ മാസം 12നാണ് ഭൂട്ടാനില്‍ ഇസ്രായേല്‍ എംബസി തുറന്നത്. ഇതിനായുള്ള ചര്‍ച്ചകളില്‍ ഉള്‍പ്പടെ ഇന്ത്യ സൗകര്യമൊരുക്കിയിരുന്നു.