നന്മ കരുതുന്ന നല്ല കാര്യങ്ങൾക്ക് രാഷ്ട്രീയത്തിന്റെ നിറം ചാര്‍ത്തുന്നത് രാജ്യത്തിന് ദൗര്‍ഭാഗ്യകരം – പ്രധാനമന്ത്രി.

ന്യൂദല്‍ഹി/ നന്മ കരുതുന്ന നല്ല കാര്യങ്ങൾക്ക് രാഷ്ട്രീയത്തിന്റെ നിറം ചാര്‍ത്തുന്നത് രാജ്യത്തിന് ദൗര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രത്തിന്റെ അഗ്‌നിപഥ് സൈനിക റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ പ്രസ്താവന.

പ്രഗതി മൈതാനത്തെ പ്രധാന തുരങ്കപാതയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘നമ്മുടെ രാജ്യത്തിന്റെ ദൗര്‍ഭാഗ്യമാണ്, നല്ല ലക്ഷ്യത്തോടെ ചെയ്യുന്ന പല കാര്യങ്ങളും രാഷ്ട്രീയത്തിന്റെ നിറത്തില്‍ കുടുങ്ങുന്നത്’, എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ന്യൂഡല്‍ഹിയില്‍ പ്രഗതി മൈതാന്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സിറ്റ് കോറിഡോര്‍ പദ്ധതിയുടെ പ്രധാന തുരങ്കവും അടിപ്പാതകളും പ്രധാനമന്ത്രി ഞായറാഴ്ച രാജ്യത്തിനു തുറന്നു കൊടുത്തു. ഡല്‍ഹി-എന്‍ സി ആറിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തന്റെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ചും പ്രസംഗത്തില്‍ പ്രധാനമന്ത്രി വിശദീകരിക്കുകയുണ്ടായി.

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ മെട്രോ സര്‍വീസ് 193 കിലോമീറ്ററില്‍ നിന്ന് 400 കിലോമീറ്ററായി വര്‍ധിച്ച വിവരം നരേന്ദ്ര മോദി പറഞ്ഞു. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിയ്‌ക്കെതിരെ ഞായറാഴ്ചയും രാജ്യത്തുടനീളം സമരങ്ങൾ നടന്നു. ഒരു യാതൊരു കാരണവശാലും അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കില്ല എന്ന നിലപാടിൽ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍. മാത്രമല്ല ഇനി സേനയില്‍ പ്രവേശനം നൽകുക അഗ്‌നിപഥ് പദ്ധതിയിലൂടെ മാത്രമായിരിക്കും എന്നും സേനാ വൃത്തങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു.

അഗ്‌നിപഥ് പദ്ധതിയ്‌ക്കെതിരെ തെരുവില്‍ കലാപം നടത്തുന്നവര്‍ക്ക് ഒരു കാരണവശാലും സേനയില്‍ പ്രവേശനം ലഭിക്കില്ലെന്നും, ഇവര്‍ക്ക് പൊലീസ് വേരിഫിക്കേഷന്‍ ലഭിക്കില്ല എന്നും സൈനിക മേധാവികൾ വെളിപ്പെടുത്തിയിട്ടുണ്ട്. സേനയില്‍ ഏറ്റവും ആവശ്യമായത് അച്ചടക്കമാണ്. ഡി എം എ അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞിട്ടുണ്ട്. സേവനത്തിന്റെ കാര്യത്തില്‍ ‘അഗ്‌നിവീറിന്റെ നേര്‍ക്ക് യാതൊരു വിവേചനവും ഉണ്ടാകില്ല എന്നും നിലവില്‍ സേവനമനുഷ്ഠിക്കുന്ന സാധാരണ സൈനികര്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങള്‍ ഈ പദ്ധതിയിലൂടെ സൈന്യത്തില്‍ ചേരുന്നവര്‍ക്കും ലഭിക്കും എന്നും സൈനിക മേധാവികള്‍ അറിയിച്ചു കഴിഞ്ഞിട്ടും അക്രമം തുടരുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന വസ്തുത വ്യക്തമാവുകയാണ്.