ക്ഷേമപെന്‍ഷന്‍ നല്‍കാത്തത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് സിപിഐ, എല്‍ഡിഎഫ് യോഗത്തിലാണ് വിമര്‍ശനം

തിരുവനന്തപുരം. ക്ഷേമ പെന്‍ഷന്‍ നല്‍കാത്തതില്‍ വിമര്‍ശനവുമായി സിപിഐ രംഗത്ത്. എല്‍ഡിഎഫ് യോഗത്തിലാണ് സിപിഐയുടെ വിമര്‍ശനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഏഴു മാസത്തെ കുടിശിക പ്രചാരണത്തില്‍ തിരിച്ചടിയാകും എന്നാണ് സിപിഐ പറയുന്നത്.

ക്ഷേമ പെന്‍ഷന്‍ കുടിശിക എത്രയും വേഗത്തില്‍ നല്‍കുമെന്നും ഇക്കാര്യത്തില്‍ ആശങ്കവേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വന്യജീവി ആക്രമണം വലിയ ചര്‍ച്ചയായി മാറുന്നുണ്ടെന്ന് എന്‍സിപി പറഞ്ഞു.

അതേസമയം കേന്ദ്ര വനം നിയമമാണ് തടസ്സമെന്ന് ചൂണ്ടിക്കാട്ടി പ്രചാരണം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കേന്ദ്ര നിയമം അനുസരിച്ച് വന്യ മൃഗങ്ങളെ കൊല്ലുന്നതില്‍ നിയന്ത്രണമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.